ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണമായി വിടവാങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 25 രാജസ്ഥാനിൽ നിന്ന് വിടവാങ്ങാൻ തുടങ്ങിയ കാലവർഷം കേരളത്തിൽ നിന്ന് വിടവാങ്ങുന്നതോടെ ഔദ്യോഗികമായി തെക്കുപടിഞ്ഞാറൻ മൺസൂൺ അവസാനിച്ചു.
സാധാരണയായി സെപ്റ്റംബർ 17നാണ് കാലവർഷം പിൻവാങ്ങി തുടങ്ങുക ഇത്തവണ 8 ദിവസം വൈകിയാണ് പിൻവാങ്ങൽ ആരംഭിച്ചത്.
കാലവർഷം പൂർണമായി വിട വാങ്ങി, തുലാവർഷം എപ്പോഴെത്തും?
ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷം മഴയുടെ കണക്കിലാണ് രേഖപ്പെടുത്തുകയെങ്കിലും തുലാവർഷം ഔദ്യോഗികമായി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കാലവർഷം പൂർണമായി വിടവാങ്ങിയ ശേഷമാണ് തുലാവർഷം എത്തുക.
ഒക്ടോബർ 20ന് ശേഷം തുലാവർഷം എത്തും എന്നായിരുന്നു മെറ്റ് ബീറ്റ് വെതർനിരീക്ഷകർ മുൻപത്തെ ഫോര്‍കാസ്റ്റിൽ പറഞ്ഞിരുന്നത്. കാലവർഷം പൂർണമായി പിൻവാങ്ങിയതോടെ അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്ക് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇതുവരെ 13% മഴ കുറവ്
ഒക്ടോബർ ഒന്നു മുതൽ 19 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഇതുവരെ കേരളത്തിൽ 13 ശതമാനം മഴക്കുറവ്. കേന്ദ്രഭരണ പ്രദേശമായ ലക്ഷ്വ ദ്വീപിൽ മൂന്ന് ശതമാനവും മാഹിയിൽ 27 ശതമാനവും മഴ കുറവുണ്ട്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള മഴ തുലാവർഷം മഴയുടെ കണക്കിലാണ് വരുക.ഇതുവരെ കേരളത്തിലെ മിക്ക ജില്ലകളിലും സാധാരണ മഴയും ചില ജില്ലകളിൽ സാധാരണയിൽ കൂടുതൽ മഴയും ലഭിച്ചു. തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പഴയ ഫോർകാസ്റ്റിൽ പറഞ്ഞത്.