വേനൽ ചൂടിൽ ശരീരത്തിൽ ജലാംശം കുറഞ്ഞു നിർജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും ശരീരത്തെ തണുപ്പിച്ച് നിർത്താനും നമ്മൾ എല്ലാവരും തണ്ണിമത്തൻ കഴിക്കാറുണ്ട് . എന്നാൽ ഇത് മാത്രമല്ല തണ്ണിമത്തന്റെ ഗുണങ്ങൾ. ചർമ്മസംരക്ഷണത്തിനും തണ്ണിമത്തൻ സഹായിക്കുന്നുണ്ട്. അതെങ്ങനെ എന്നല്ലേ ?
തണ്ണിമത്തനിൽ കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ അതിനാൽ വണ്ണം കുറയ്ക്കുന്ന ആളുകളിൽ തണ്ണിമത്തൻ ഏറെ പ്രയോജനകരമാണ് . തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന അർജനൈൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പ് കളയാനും സഹായിക്കുന്നു.
ഇതുമാത്രമല്ല ട്ടോ തണ്ണിമത്തന്റെ ഗുണം ചർമ്മ സംരക്ഷണത്തിന് ഏറെ പ്രയോജനകരമായ ഒരു പഴമാണ് തണ്ണിമത്തൻ . തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ സി എന്നീ ഘടകങ്ങളാണ് ചർമ്മത്തിനും അതുപോലെതന്നെ മുടിക്കും പ്രയോജനപ്രദമായി വരുന്നത്.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട കൊളാജെൻ എന്ന പ്രോട്ടീൻ ഉത്പാദനത്തിന് വൈറ്റമിൻ സി വേണം.
വൈറ്റമിൻ സി ഏറെ അടങ്ങിയിട്ടുള്ള ഒരു പഴമാണ് തണ്ണിമത്തൻ . വേനൽക്കാലത്ത് ഏറ്റവും അധികം ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ, കാരണം ഇതിൽ ജലാംശം കൂടുതലാണ്. അതുകൊണ്ടുതന്നെ വേനൽ ആകുമ്പോൾ തണ്ണിമത്തന്റെ കച്ചവടവും കുത്തനെ ഉയരാറുണ്ട്. തണ്ണിമത്തൻ വെറുതെ കഴിക്കുന്നവരും ജ്യൂസ് അടിച്ചു കഴിക്കുന്ന വരും ഉണ്ട്. വെറുതെ കഴിക്കുന്നതാണ് ഏറ്റവും ഗുണകരം എങ്കിലും ജ്യൂസ് ആയി കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഒരു ഹെൽത്തി ജ്യൂസ് റെസിപ്പി പറയാം.
തണ്ണിമത്തൻ തൊലി ഒഴിവാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയിൽ അടിച്ചെടുക്കുക . അതിലേക്ക് കരിക്കിൻ വെള്ളം, പുതിനയില , ബ്ലാക്ക് സാൾട്ട് എന്നിവ കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കാം, കഴിക്കാൻ നേരം അല്പം ഐസും ചേർക്കാം.
ഹെൽത്തി ജ്യൂസ് റെഡി . പാലും പഞ്ചസാരയും എല്ലാം ചേർത്ത് ജ്യൂസ് ഉണ്ടാക്കുന്നവർ ആണ് കൂടുതൽ പേരും. എന്നാൽ ഇത് ഒരു ഹെൽത്തി റെസിപ്പി ആണ് . ഈ വേനൽക്കാലത്ത് നിങ്ങളെല്ലാവരും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ