കനത്ത കാറ്റും മഴയും; കോഴിക്കോട് മലയോരമേഖലയിൽ വ്യാപക നാശനഷ്ടം

കനത്ത കാറ്റിലും മഴയിലും കോഴിക്കോട് വ്യാപക നാശനഷ്ടം.താമരശ്ശേരി, കുറ്റ്യാടി, നാദാപുരം തുടങ്ങി മലയോര മേഖലയിലാണ് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ ഉണ്ടായത്.കട്ടിപ്പാറയില്‍ കാറ്റില്‍ തകര്‍ന്ന വൈദ്യുതി തൂണ്‍ മാറ്റാന്‍ വരുന്നതിനിടെ അപകടത്തില്‍പ്പെട്ട് കെ.എസ്.ഇ ഇ.ബി കരാര്‍ തൊഴിലാളിക്ക് പരുക്കേറ്റു.

ചമല്‍ കുളമല  ഭാഗത്തുണ്ടായ കാറ്റില്‍ വീടിനു മുന്‍വശത്ത് നിര്‍ത്തിയിട്ട കാറിനു മുകളില്‍ തെങ്ങുംവൈദ്യുതി തൂണും വീണു. താമരശേരി ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലെ മരം സമീപത്തെ ഫ്ലാറ്റിനു മുകളിലേക്ക് വീണ് കെട്ടിടത്തിന് കേടുപാടുണ്ടായി. താമരശേരി ഉല്ലാസ് കോളനിയില്‍ തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി. ആളപായമില്ല. കുറ്റ്യാടി കാവിലുംപാറയില്‍ മരം വീണ് വള്ളുവന്‍ കുന്നില്‍ മുരിങ്ങയില്‍ ഗംഗാധരന്റെ വീട് പൂര്‍ണമായും തകർന്നു.നാദാപുരം ടൗണില്‍ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട്  പുനസ്ഥാപിച്ചു.

Share this post

Leave a Comment