കനത്ത മഴ തുടരും, ഏറ്റവും കൂടുതല്‍ പെയ്തത് പൂഞ്ഞാറില്‍
കേരളത്തില്‍ കാലവര്‍ഷം ശക്തമായി. എല്ലാ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കുന്നുണ്ട്. ഇന്ന് രാത്രി മുതല്‍ മഴ സജീവമാകുമെന്നായിരുന്നു ഇന്നലത്തെ പ്രവചനത്തില്‍ ഞങ്ങളുടെ നിരീക്ഷകര്‍ പറഞ്ഞിരുന്നതെങ്കിലും കാറ്റ് നേരത്തെ ശക്തിപ്പെട്ടതാണ് മഴ ശക്തിപ്പെടാന്‍ ഇടയാക്കിയത്.
ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ നീളുന്ന ന്യൂനമര്‍ദ പാത്തിയും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ചക്രവാതച്ചുഴിയുമാണ് മഴ ശക്തിപ്പെടാന്‍ കാരണം. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് കേരളത്തില്‍ മഴക്ക് കാരണമാകുമെന്നും ഇന്നലത്തെ കാലാവസ്ഥാ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ സമുദ്രനിരപ്പില്‍ നിന്ന് 3.1 കി.മി ഉയരത്തിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇത് കേരളത്തിലടക്കം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ കാലവര്‍ഷ കാറ്റിനെ ശക്തിപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മുതല്‍ അന്തരീക്ഷത്തില്‍ 3 കി.മി നു മുകളിലുള്ള കാറ്റ് കേരള തീരത്തിനു ലംബമായി വീശിയിരുന്നു. കേരളത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
ഉച്ചയോടെ 3 കി.മിനു താഴെയുള്ള കാറ്റും ശക്തിപ്പെട്ടു. ഇതോടെ ഈ ഉയരത്തിലെ കാലവര്‍ഷക്കാറ്റും മേഘങ്ങളും സജീവമായി. ഇതാണ് പൊടുന്നനെ മഴ ശക്തിപ്പെടാന്‍ ഇടയാക്കിയത്. ജെറ്റ് സ്ട്രീം അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഇന്നു രാത്രി തുടര്‍ച്ചയായ മഴ തുടരും.
നാളെയും കേരളത്തില്‍ ശക്തമായ മഴ ദിനമാണ്. തുടര്‍ച്ചയായ മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇടുക്കിയുടെ വടക്കുകിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരും.
വാരാന്ത്യ ടൂറുകളും വിനോദയാത്രകളും കിഴക്കന്‍ മലയോര മേഖലകളില്‍ സുരക്ഷിതമല്ല. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് കടലും പ്രക്ഷുബ്ധമാകും.
ഇന്ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ വൈകിട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് 11.3 സെ.മി മഴ ലഭിച്ചു. വെങ്കുറിഞ്ഞിയില്‍ 8.8 സെ.മി, പൊന്മുടി 7 സെ.മി, ആറളം 6.8 സെ.മി, റാന്നി 6.7, വടകര 5.6, ളാഹ 6.4 സെ.മി മഴ ലഭിച്ചു.
ഇന്ന് കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കൊപ്പം കോഴിക്കോട്ടും ഓറഞ്ച് അലര്‍ട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് നല്‍കിയതായി ഇന്ന് വൈകിട്ട് നാലിനുള്ള കാലാവസ്ഥാ വകുപ്പിന്റെ അപ്‌ഡേറ്റില്‍ പറയുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.