അതിതീവ്രമഴ: മഴക്കാല തയ്യാറെടുപ്പ് ഊർജിതമായി നടത്തണം ; മുഖ്യമന്ത്രി

ജൂണ്‍ 4 ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിന് പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതിതീവ്രമഴ ലഭിച്ചാല്‍ നഗരമേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇവ മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താല്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാന്‍ സാധ്യതയുള്ളവയാണ്. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവക്ക് തുടര്‍ച്ചയുണ്ടാവണം.

അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം ക്യാമ്പയിന്‍ മോഡില്‍ ഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂര്‍ത്തീകരിക്കണം. റോഡില്‍ പണിനടക്കുന്നയിടങ്ങളില്‍ സുരക്ഷാബോര്‍ഡുകള്‍ ഉറപ്പാക്കണം. റോഡിലുള്ള കുഴികള്‍ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം.

കുഴികളും മറ്റും രൂപം കൊണ്ട സ്ഥലങ്ങളില്‍ ആളുകള്‍ക്ക് അപകടം പറ്റാതിരിക്കാന്‍ മുന്നറിയിപ്പ്ബോര്‍ഡുകള്‍ വെക്കണം.
ക്യാമ്പുകളില്‍ ശുചിമുറികള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം. ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശികസര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം.

ക്യാമ്പിലേക്കുള്ള വഴികള്‍ ഉള്‍പ്പെടെ മാര്‍ക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കേണ്ടത്. ഉരുള്‍പൊട്ടല്‍ സാധ്യതകണക്കാക്കുന്ന മലയോരമേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ കാമ്പയിനും പരിശീലനവും നല്‍കണം. ആളുകള്‍ക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാന്‍ സാധിക്കുന്നതരത്തില്‍ പരിശീലനം നല്‍കാനാവണം.

മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ ഇടയുള്ള ജലാശയങ്ങളില്‍ സുരക്ഷാമുന്നറിയിപ്പ് നല്‍കാന്‍ ആവശ്യമായ സംവിധാനം ഒരുക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ ഗാര്‍ഡുമാര്‍ക്കും വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തിരബന്ധപ്പെടലുകള്‍ക്കായി ഉപകരണങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment