ഇന്തോനേഷ്യയില്‍ കനത്ത മഴ, പ്രളയം, ഉരുള്‍പൊട്ടല്‍: 21 മരണം, മഴ തുടരുമെന്ന് മുന്നറിയിപ്പ്
വ്യാഴാഴ്ച മുതല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. മണ്ണിടിച്ചിലിലും പ്രളയത്തിലുമാണ് ഇത്രയും പേര്‍ മരിച്ചത്. ആറു പേരെ കാണാതായതായി ദുരന്ത ലഘൂകരണ ഏജന്‍സി വക്താവ് അറിയിച്ചു. പടിഞ്ഞാറന്‍ സുമാത്രയിലാണ് മഴ കനത്ത നാശം വിതച്ചത്. ഇവിടെ മഴ ഇപ്പോഴും തുടരുകയാണ്. പ്രളയത്തില്‍ റോഡുകള്‍ മുങ്ങി. ആയിരക്കണക്കിന് വീടുകളെ പ്രളയം ബാധിച്ചു.
പടിഞ്ഞാറന്‍ സുമാത്ര പ്രവിശ്യയിലെ പെസിസിര്‍ സലേടാന്‍ റെഗെന്‍സി യിലാണ് മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായത്. 80,000 പേരെ മാറ്റിപാര്‍പ്പിച്ചു. 14 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. 9 ജില്ലകളിലെ 20,000 വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തെ വൈദ്യുതി മുടക്കം ബാധിച്ചെന്ന് ദുരന്ത ലഘൂകരണ ഏജന്‍സി ഉദ്യോഗസ്ഥന്‍ ഫജര്‍ സുക്മ സ്ഥിരീകരിച്ചു. പര്‍വത താഴ്‌വാരത്തെ ഗ്രാമമാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. 200 ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മൂന്നു പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 150 പേരെ രക്ഷപ്പെടുത്തിയെന്ന് ദുരന്തരക്ഷാസേന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ മാലിക്ക് പറഞ്ഞു.
പര്‍വത മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായതിനാല്‍ ദുരിതബാധിത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്തതും തിരിച്ചടിയാകുന്നുണ്ട്. 700 വീടുകള്‍ തകര്‍ന്നു. നിരവധി സ്‌കൂളുകളും പാലങ്ങളും തകര്‍ന്നു. 280 ഏക്കര്‍ കൃഷിയിടവും പൂര്‍ണമായി നശിച്ചു.
ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവരെ സമീപത്തെ പള്ളികളിലും മറ്റുമായാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇന്തോനേഷ്യ ദുരന്ത ഏജന്‍സി ബി.എന്‍.പി.ബി വക്താവ് അബ്ദുല്‍ മുഹാരി പറഞ്ഞു. താല്‍ക്കാലിക ക്യാംപ് നിര്‍മിക്കാനുള്ള സംവിധാനം ഇവിടെയില്ല. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കുന്നുണ്ട്.
പഡാങ്ങിലെ മിക്ക പ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങി. മഴ ഏതാനും ദിവസം കൂടി തുടരുമെന്നും പ്രളയവും ഉരുള്‍പൊട്ടലും തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ജനുവരി മുതലാണ് ഇന്തോനേഷ്യയിലെ മണ്‍സൂണ്‍ കാലം.