ആസ്‌ത്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ക്യൂന്‍സ്‌ലന്റില്‍ കനത്ത മഴ, പ്രളയം
ആസ്‌ത്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ക്യൂന്‍സ്‌ലന്റില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ആയിരങ്ങള്‍ വീടൊഴിഞ്ഞു പോയി. വടക്കന്‍ ക്യൂന്‍സ്‌ലന്റിലാണ് മഴ കനത്തത്. ലാ നിന പ്രതിഭാസമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഈയിടെ പസഫിക് സമുദ്രത്തില്‍ ലാനിന രൂപപ്പെട്ടിരുന്നു.
പെയ്തത് റെക്കോര്‍ഡ് മഴ
24 മണിക്കൂറിനിടെ 70 സെ.മി (26 ഇഞ്ച്) മഴയാണ് വടക്കന്‍ ക്യൂന്‍സ്‌ലന്റില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ ഉരുള്‍പൊട്ടലും മറ്റുമുണ്ടായപ്പോള്‍ 30- 40 സെ.മി മഴയായിരുന്നു രേഖപ്പെടുത്തിയത്. ക്യൂന്‍സ്‌ലന്റില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മഴയാണെന്ന് സംസ്ഥാന പ്രധാന മന്ത്രി ഡേവിഡ് ക്രിസാഫുള്ളി പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ പ്രളയമാണ് നേരിടുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. മഴയുടെ ശക്തിമാത്രമല്ല, മഴ അതേ ശക്തിയില്‍ ദീര്‍ഘനേരം തുടരുന്നു എന്നതും പ്രതിസന്ധിയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രളയ ജലം ചെറുക്കാന്‍ ഒരു ലക്ഷം മണല്‍ചാക്കുകള്‍ നിരത്തിയെങ്കിലും പരാജയപ്പെട്ടു. ടോണ്‍സ്‌വില്ലെയില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിനാളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിച്ചു. വീടുകളില്‍ വെള്ളം കയറിയ അവസ്ഥയിലാണ്. ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒറ്റപ്പെട്ടു.
നദികളെല്ലാം കരകവിഞ്ഞു. വരും ദിവസങ്ങളിലും 50 സെ.മി ലധികം മഴ തുടരുമെന്നാണ് പ്രവചനം. Ingham ല്‍ രക്ഷാ ബോട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. പ്രളയത്തില്‍ വീട് ഒഴിപ്പിക്കുന്നതിനിടെയാണ് അപകടം. പ്രധാന നദിയായ റോസ് നദി 1.8 മീറ്റര്‍ ഉയര്‍ന്നു. Cairns, Innisfail, Gordonvale, Babinda and Redlynch പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലുമുണ്ടാകും. 100 സ്‌കൂളുകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങി.
ചൊവ്വാഴ്ച വരെ മഴയുടെ ശക്തി കുറയില്ലെന്ന് Bureau of Meteorology യിലെ senior forecaster Jonathan പറഞ്ഞു.