Oman heavy rain : കനത്ത മഴ, മലവെള്ളപ്പാച്ചില്‍ ; രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു, മഴ തുടരും ജാഗ്രത
ഒമാനില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ഇബ്രിയിലെ വാദിയില്‍ (മലവെള്ളം ഒഴുകിപോകുന്ന പാത) അകപ്പെട്ടാണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ മുതലാണ് ഒമാനിലും യു.എ.ഇയിലും ഒരിടവേളക്ക് ശേഷം വീണ്ടും മഴ ശക്തിപ്പെട്ടത്. അല്‍ റൈബ മേഖലയില്‍ ഇന്ന് രാവിലെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.
ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് കനത്ത മഴ തുടരുന്നത്. പലയിടത്തും മഴക്കൊപ്പം ശക്തമായ ഇടിയും ആലിപ്പഴ വര്‍ഷവും കാറ്റുമുണ്ടായി. വിവിധ വിലായത്തുകളില്‍ വാദികള്‍ കരകവിഞ്ഞു. വാദികള്‍ മുറിച്ചു കടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാദി നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഇസ്‌കി- സിനാവ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ പൊലിസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദമാണ് ഒമാനില്‍ മഴ നല്‍കുന്നത്. കഴിഞ്ഞ ആഴ്ച metbeatnews.com ല്‍ ഇപ്പോള്‍ പെയ്യുന്ന മഴയെ കുറിച്ച് സൂചന നല്‍കിയിരുന്നു. രണ്ടു തവണയായി ന്യൂനമര്‍ദങ്ങള്‍ ഒമാനില്‍ കനത്ത മഴ നല്‍കുമെന്നാണ് കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ സൂചിപ്പിച്ചിരുന്നത്.
ഒമാനില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നുവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ഭൂരിഭാഗവും മഴ ലഭിക്കും.
തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍ മഴയും കാറ്റുമുണ്ടാകും. നാളെ (വെള്ളി) തെക്ക്- വടക്ക് ബാത്തിന, മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ എന്നിവിടങ്ങളില്‍ 10 മുതല്‍ 40 എം.എം മഴ ലഭിക്കാനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിന്റെ തീരത്ത് തിരമാലകള്‍ക്ക് രണ്ടു മുതല്‍ 3.5 മീറ്റര്‍ വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്.
ചിലയിടങ്ങളില്‍ പൊടിക്കാറ്റും കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ടെന്നും ജനറല്‍ ഡയക്ടറേറ്റ് ഓഫ് മീറ്റിയോറോളജി അറിയിച്ചു. രാത്രി വൈകിയും പുലര്‍ച്ചെയും അല്‍ ബുറൈമി, അല്‍ദാഖിറ എന്നിവിടങ്ങളില്‍ മഞ്ഞുണ്ടാകും.