കനത്ത മഴയിൽ തിരുവനന്തപുരത്ത് വെള്ളക്കെട്ട്, ഗതാഗതകുരുക്ക്
ഇന്നലെ ആരംഭിച്ച കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ മിക്കയിടങ്ങളിലും ഗതാഗതകുരുക്കും വെള്ളക്കെട്ടും. കുന്നുകുഴിയിൽ മരം വീണു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.തുടർച്ചയായി മഴ പെയ്തതോടെ കണ്ണ മൂല, ഗൗരീപട്ടം ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
അതേസമയം പാങ്ങോട്, തിരുമല, പൂജപ്പുര, കരമന, വള്ളക്കടവ്, മണക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരുന്നു.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നലെ 30 സെന്റീമീറ്റർ കൂടി ഉയർത്തി.ഒരാഴ്ചയായി 10 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്ന ഷട്ടറുകൾ ഇന്നലെ വൈകുന്നേരത്തോടെ 60 സെന്റീമീറ്റർ ഉയർത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ സംഭരണിയിലേക്ക് ശക്തമായ നീരൊഴുക്കാണ്. സംഭരണിയിൽ 84.0 7 മീറ്റർ വെള്ളമുണ്ട്. മഴ വീണ്ടും കനത്താൽ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.