ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; 100 ലേറെ വിമാന സര്‍വിസുകള്‍ വൈകി
ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട്. ഇന്ന് പുലര്‍ച്ചെ ഇടിയോടുകൂടെ കനത്ത മഴ റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. 100 ലേറെ വിമാന സര്‍വിസുകള്‍ വൈകി. 40 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സര്‍വിസുകള്‍ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഓറഞ്ച് അലര്‍ട്ട്, മറ്റു സംസ്ഥാനങ്ങളിലും മഴ
കൂടുതല്‍ മഴയും കാറ്റും ഡല്ഹിയിലുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥനങ്ങളിലും മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായി. പാനിപേട്ട്, മഥുര, ആഗ്ര, ഭരത്പൂര്‍ എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. പാലം വിമാനത്താവളത്തില്‍ കാറ്റിന്റെ വേഗത 74 കി.മി വരെ റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ചൂടിന് ആശ്വാസം
ഉഷ്ണതരംഗത്തിനിടെ ലഭിച്ച മഴ ചൂടിന് ആശ്വാസമാണെങ്കിലും നഗരത്തിലെ വെള്ളക്കെട്ടുകള്‍ ദുരിതമായി. വിവിധ മേഖലകളില്‍ വെള്ളക്കെട്ടുകള്‍ തുടരുകയാണ്. ഡല്‍ഹിയില്‍ ആര്.കെ പുരം, ദ്വാരക, ലജപത് നഗര്‍ എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകളുണ്ടായി. കാറ്റിനെ തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങി.