ആന്ധ്രയിലെ മഴയിൽ കനത്ത വിളനാശം, കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

ദക്ഷിണേന്ത്യയിലെ കനത്ത വേനൽ മഴയെ തുടർന്ന് ആന്ധ്രാപ്രദേശിൽ കൃഷി നാശം. റമദാൻ സീസണും വിഷുവും ഈദുൽ ഫിത്വറും ആസന്നമായതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റം രൂക്ഷമാകുകയാണ്. അയൽ സംസ്ഥാനങ്ങളിലെ മഴയും കൃഷി നാശവും കേരളത്തെയാണ് പ്രതികൂലമായി ബാധിക്കാറുള്ളത്. ഒരാഴ്ച മുൻപ് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കാറ്റിന്റെ അഭിസരണവും ഗതിമുറിവും കാരണം ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ മഴ സജീവമാകുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതർ പറഞ്ഞിരുന്നു. ഈ മഴയാണ് ആന്ധ്രയിലും തെലങ്കാനയിലും വ്യാപക കൃഷിനാശം ഉണ്ടാക്കിയത്. സാമ്പത്തികമായി കടുത്ത നഷ്ടം നേരിട്ട കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധികൃതർ തങ്ങളുടെ ആവലാതി കേൾക്കുന്നില്ലെന്നും കർഷകരുടെ രക്ഷയ്‌ക്കെത്തിയില്ലെന്നും അവർ ആരോപിച്ചു.

നേരിട്ടത് കനത്ത വിളനാശം
ആന്ധ്രാപ്രദേശിൽ മൂന്നു ലക്ഷം ഏക്കറിലാണ് കൃഷിനാശമുണ്ടായത്. വിളവെടുപ്പിന് പാകമായ വിളകളാണ് നശിച്ചത്. അടുത്ത രണ്ടാഴ്ചക്കകം വിളവെടുക്കേണ്ടവയായിരുന്നു ഇവ. തീരദേശ ജില്ലയായ രായലസീമയിലാണ് മഴ നാശംവിതച്ചതും കൃഷി നശിച്ചതും. കുർനൂൽ, എൻ.ടി.ആർ, പാർവതിപുരം മന്യം എന്നിവിടങ്ങളിൽ ചോളവും വാഴകൃഷിയും മഴയിൽ നശിച്ചു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പഴങ്ങളുടെ മരങ്ങളും കടപുഴകി. പ്രകാശം ജില്ലയിലെ മണ്ഡലിൽ ഉഴുന്ന്, പരുത്തി കൃഷിയും നശിച്ചു. കഡപ്പ ജില്ലയിലെ കർഷകർക്ക് പച്ചക്കറി കൃഷിയിലെ നാശനഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. ഇവിടെ പപ്പായ, മഞ്ഞൾ, ചെറുനാരങ്ങ, മാങ്ങ, വാഴ, തണ്ണിമത്തൻ കൃഷിയും നടക്കുന്നുണ്ട്. ഇവയെയും മഴ പ്രതികൂലമായി ബാധിച്ചു.

കേരളത്തിലേക്കുള്ള വിളകളും നശിച്ചു
ചോളം, വറ്റൽ മുളക്, പുകയില, വാഴ, തക്കാളി, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്. മലയാളികൾ ഉപയോഗിക്കുന്ന നെല്ലിനങ്ങൾ കൂടുതലും കൃഷി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. കൊയ്യാനായ നെല്ലാണ് മഴയിൽ നശിച്ചത്. കേരളത്തിലേക്കുള്ള വറ്റൽ മുളകും ആന്ധ്രയിലാണ് കൂടുതലും കൃഷി ചെയ്യുന്നത്. ഇവയും നശിച്ചു. നിലവിൽ കിലോ 300 രൂപ കടന്ന വറ്റൽ മുളക് വില വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയാണ് വിപണിയിലുള്ളത്. പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു.

സർക്കാരിനെതിരേ കർഷകർ
വിളനാശം നേരിട്ട കർഷകരെ സഹായിക്കാൻ സർക്കാർ രംഗത്തുവന്നില്ലെന്നാണ് കർഷകരുടെ പരാതി. മാർച്ച് 19 ന് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഉന്നത ഉദ്യോഗസ്ഥരുമായി മഴക്കെടുതികളെ കുറിച്ച് വിലയിരുത്തൽ യോഗം നടത്തിയിരുന്നു. വിളനാശം സംബന്ധിച്ച കണക്ക് റവന്യു, കൃഷി വകുപ്പുകളിൽ നിന്ന് ശേഖരിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. നഷ്ടപരിഹാരം നൽകുമെന്നും കാലതാമസമെടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരാഴ്ചയ്ക്കകം വിളനാശം സംബന്ധിച്ച മുഴുവൻ കണക്കും നൽകണമെന്ന് ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment