കനത്ത മഴ; തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി,മലമ്പുഴയില്‍ ഉരുള്‍പൊട്ടിയതായി സംശയം
മലമ്പുഴയില്‍ ആനക്കല്‍ വനമേഖലയ്ക്ക് സമീപത്ത് ഉരുള്‍പൊട്ടിയതായി സംശയം. കല്ലമ്പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദർശിച്ചു. ഉരുള്‍പൊട്ടിയ മേഖലയില്‍ ആള്‍താമസം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. തൃശൂര്‍ ചാര്‍പ്പ വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്.
2 മണിക്കൂറോളം നിർത്താതെ ഈ പ്രദേശങ്ങളിൽ മഴ പെയ്തിട്ടുണ്ട്. ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല . മഴ വെളളപ്പാച്ചിലിൽ ആളുകൾ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
തലസ്ഥാന നഗരിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് വന്നടിഞ്ഞു മൂടി പോയി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് വാഹനത്തിനു മുകളിൽ മണ്ണിടിഞ്ഞ് വീണത്. മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി പ്രതാപൻ നായരുടെ വീട്ടിലേക്ക് ആണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണിടിഞ്ഞ് വീണത്. നിർമ്മാതാവ് അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ഫോർഡ് പിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ , റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് മണ്ണിടിഞ്ഞ് തകർന്നത്. പ്രതാപൻ നായരും ഭാര്യയും മക്കളും രണ്ട് കുട്ടികളും മരുമകളുമാണ് ഇവിടെ താമസിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് വേളിയിലും പൂവാറിലും പൊഴികള്‍ മുറിച്ചു.
പൊഴി മുറിച്ചത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായാണ്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ജല വിഭവ വകുപ്പ് അധികൃതരാണ് പൊഴി മുറിച്ചത് . വേളിയിലെ പൊഴി മുറിച്ചതോടെ ആക്കുളം കായലിലെയും ആമയിഴഞ്ചാൻ തോട്ടിലെയും തെറ്റിയാറിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട് . അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നിട്ടുണ്ട് . തിരുവനന്തപുരത്ത് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശക്തമായ മഴ പെയ്താൽ വെള്ളപ്പൊക്കം പതിവാണ് തിരുവനന്തപുരത്ത് .
തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു. ക്യാമ്പുകള്‍ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ലെന്നും ശിവൻകുട്ടി അറിയിച്ചു. നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗികമായും കാട്ടാക്കടയിൽ ഒരു വീട് ഭാഗികമായും തകർന്നിട്ടുണ്ട് . അരുവിക്കരയിൽ അഞ്ച് ഷട്ടറുകൾ 30 സെന്‍റി മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. പേപ്പാറയിൽ നാലു ഷട്ടറും തുറന്നിട്ടുണ്ട്. ജില്ലയിൽ താൽക്കാലികമായി ക്വാറി പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. മലയോര മേഖലയിലേക്കുളള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി.
മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് . പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആണ്. നാളെ തിരുവനന്തപുരം മുതൽ തൃശൂര്‍ വരെയുള്ള ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്.