ഉഷ്ണതരംഗം: ഹജ്ജിനിടെ മരിച്ചത് 1,301 പേര്‍, 83% വും അനധികൃത തീര്‍ഥാടകര്‍
2024 ലെ ഹജ്ജിനിടെ ഉഷ്ണതരംഗം മൂലം 1,301 പേര്‍ മരിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരില്‍ 83 ശതമാനം പേരും രജിസ്റ്റര്‍ ചെയ്യാതെ ഹജ്ജിന് എത്തിയവരാണെന്നും നേരിട്ട് വെയില്‍ കൊണ്ട് ദീര്‍ഘദൂരം നടന്നതാണ് നിര്‍ജലീകരണം മൂലം മരണത്തിലേക്ക് നയിച്ചതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
അനധികൃതമായി ഹജ്ജിനെത്തിയവര്‍ ദീര്‍ഘദൂരം നടന്ന് വന്നവരാണ്. 51 ഡിഗ്രി ചൂടുള്ളപ്പോള്‍ ഇവര്‍ നേരിട്ട് വെയില്‍ കൊണ്ടാണ് നടന്നെത്തിയത്. ഇടത്താവളങ്ങളിലോ മറ്റോ വിശ്രമിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. രജിസ്റ്റര്‍ ചെയ്തു വന്നവര്‍ക്ക് കൃത്യമായ ആരോഗ്യ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കിയിരുന്നു.
നേരത്തെ സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 1,100 പേര്‍ മരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്ക മുതല്‍ ഇന്തോനേഷ്യ വരെയുള്ള 10 ലേറെ രാജ്യങ്ങളിലെ പൗരന്മാരാണ് ഉഷ്ണ തരംഗം മൂലം മരിച്ചത്.
എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം 658 പേരായിരുന്നു മരിച്ചത്. ഇതില്‍ 630 പേരും രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരുമായിരുന്നു. ഈ വര്‍ഷം ഹജ്ജിന് മക്കയിലെ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നുവെന്ന് സൗദി അറേബ്യ മീറ്റിയോറോളജിക്കല്‍ സെന്റര്‍ (എന്‍.സി.എം) അറിയിച്ചിരുന്നു.
ഹജ്ജ് തീര്‍ഥാടകരുടെ മരണവുമായി ബന്ധപ്പെട്ട് സഊദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഉഷ്ണ തരംഗത്തെ കുറിച്ച് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങളും ബോധവല്‍ക്കരണവും നല്‍കിയിരുന്നെങ്കിലും പലരും അവഗണിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണമെന്ന് സഊദി അധികൃതര്‍ പറയുന്നു.
ഈ വര്‍ഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങള്‍ വിജയകരമായിരുന്നുവെന്ന് സഊദി ആരോഗ്യ മന്ത്രി ഫഹദ് ്ല്‍ ജലാജേല്‍ പറഞ്ഞു. എന്നാല്‍ എത്ര പേരാണ് സഊദിയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് മരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഈ വര്‍ഷം 18 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു ഹജ്ജിനെത്തിയെന്നാണ് കണക്ക്. ഇതില്‍ 16 ലക്ഷം പേര്‍ വിദേശികളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹജ്ജിന്റെ പുറത്തുള്ള ചടങ്ങുകള്‍ വേനലിലാണ് നടക്കുന്നത്. ഹിജ്‌റ മാസ പ്രകാരം ഹജ്ജ് ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഒരോ വര്‍ഷവും 11 ദിവസം വ്യത്യാസം വരും. അടുത്ത വര്‍ഷം ജൂണ്‍ തുടക്കത്തിലാകും ഹജ്ജ് വരിക. ഈ സമയം ചൂട് തുടങ്ങുന്നതേയുണ്ടാകൂ.
2019 ലെ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനവും ഉഷ്ണ തരംഗവും ഹജ്ജിന്റെ ചടങ്ങുകള്‍ ദുഷ്‌കരമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2047, 2052, 2079, 2086 വര്‍ഷങ്ങളിലും ഹജ്ജ് തീവ്ര കാലാവസ്ഥാ സാഹചര്യം മൂലം കടുക്കും.
ഇത്തവണ നാലു ലക്ഷത്തോളം തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തിയിട്ടുണ്ടെന്നാണ് സൗദി അധികൃതര്‍ പറയുന്നത്. മക്കയിലേക്ക് അനധികൃത തീര്‍ഥാടനം നടത്തിയ 16 ടൂറിസ്റ്റ് ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മഡ്ബൗലി അറിയിച്ചു. ഇത്തവണ മരിച്ചവരില്‍ ഭൂരിഭാഗവും ഈജിപ്ഷ്യന്‍ ഹാജിമാരാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.