ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ യു പി, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ചൂടുകൂടുന്നു. ഉഷ്ണ തരംഗത്തിൽ യുപിയിലും ബീഹാറിലുമായി നൂറിലധികം ആളുകൾ മരിച്ചു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 300 ഓളം രോഗികളാണ് കടുത്ത ചൂടിൽ വിവിധ രോഗങ്ങളാൽ ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്ന് ജില്ലയിലെ മെഡിക്കൽ ഓഫീസർ എസ് കെ യാദവ് പറഞ്ഞു.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള രോഗികൾ ഛർദ്ദി, പനി, വയറിളക്കം, ശ്വാസതടസ്സം എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് ബല്ല്യ ജില്ലയിലെ ഉദ്യോഗസ്ഥർ ജനങ്ങളോട് പ്രത്യേകിച്ച് മുതിർന്ന പൗരന്മാരോട് പകൽ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ വിദർഭ, ഛത്തീസ്ഗഡ്, ഒഡീഷ, ജാർഖണ്ഡ്, ആന്ധ്രയുടെ തീരപ്രദേശ മേഖല, ബിഹാർ, ബംഗാൾ, തെലങ്കാന, കിഴക്കൻ യുപി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് സൂചനയുണ്ട്.
എന്നാൽ ഉത്തരേന്ത്യയിൽ ചില സ്ഥലങ്ങളിൽ ചൂടിന് ആശ്വാസമായി നേരിയ മഴ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ലഭിച്ചിരുന്നു.