വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും കൂടാതെ രോഗങ്ങളുടെ പടര്‍ച്ചയും ഇക്കാലയളവില്‍ വര്‍ധിക്കുന്നുണ്ട്. കുട്ടികളുടെ അവധിക്കാലവും കൂടിയായതിനാല്‍ രോഗങ്ങളെ കുറിച്ചുള്ള ഭീതിയും ഇക്കാലയളവില്‍ രക്ഷിതാക്കളുടെ ഇടയില്‍ വര്‍ധിക്കുന്നുണ്ട്. പൊതുവെ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളാണ് വേനലില്‍ കണ്ടു വരുന്നത്. നല്ല ശുചിത്വ- ഭക്ഷണ ശീലവും മുന്‍ കരുതലും കൊണ്ട് രോഗങ്ങളില്‍ നിന്ന് മാറിനില്‍ക്കാവുന്നതേ ഉള്ളൂ
വേനല്‍കാല രോഗങ്ങള്‍
മഞ്ഞപ്പിത്തം:-
ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.
രോഗ ലക്ഷണങ്ങള്‍:-
പനി, ചര്‍ദ്ദി,ക്ഷിണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തില്‍ മഞ്ഞനിറം
രോഗം വന്നാല്‍:-
1. പഴവര്‍ഗങ്ങള്‍ കഴിക്കുക.
2. വൃത്തിയുള്ള ഭക്ഷണ പാനീയങ്ങള്‍ കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4. കഞ്ഞിവെള്ളം കുടിക്കുക
5. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം.
6. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം.
രോഗം വരാതിരിക്കാന്‍:-
1. തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസര്‍ജനം ഒഴിവാക്കുക.
2.കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോരിനേറ്റ് ചെയ്യുക.
3.ചുറ്റുപാടും ശരീരവും വൃത്തിയാക്കുക.
4. പാത്രങ്ങള്‍ കഴുകുന്നതിന് ചൂടുവെള്ളമുപയോഗിക്കുന്നത് ശീലമാക്കണം.
5.സെപ്ടിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക.
6.ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
7.ദിവസേന കുളിക്കുക.
ചിക്കന്‍ പോക്‌സ്:-
പൊതുവെ അപകടകാരിയല്ലെങ്കിലും രോഗം കൂടിയാല്‍ പ്രശ്‌നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കില്‍ ചിക്കന്‍ പോക്‌സ് ന്യൂമോണിയയായി മാറാന്‍ സാധ്യതയുണ്ട്. ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞുങ്ങളും,പ്രമേഹ രോഗികളും ചിക്കന്‍ പോക്‌സിനെ കൂടുതല്‍ സൂക്ഷിക്കണം.
രോഗ ലക്ഷണങ്ങള്‍:-
ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍
രോഗം വന്നാല്‍:-
1.ഉടന്‍ തന്നെ ചികിത്സ ചെയ്യുക.ഹോമിയോപ്പതി, അലോപ്പതി ചികിത്സകളാണ് നല്ലത്.
2.ധാരാളം വെള്ളം കുടിക്കുക.
3.ഭക്ഷണ ക്രമീകരണം വേണം.
4.മത്സ്യം, എണ്ണ എന്നിവ ഒഴിവാക്കുക.
5.തണുത്ത സാധനങ്ങള്‍ കഴിക്കുക.
6. ചിക്കന്‍ പോക്‌സ് ബാധിച്ചയാള്‍ മറ്റൊരാള്‍ക്ക് ബധിക്കാതെ സൂക്ഷിക്കണം.
7.ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
8.കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
രോഗം വരാതിരിക്കാന്‍:-
1.രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക.
2.രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
3.കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം.
4.വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.
ചെങ്കണ്ണ്:-
വേനല്‍ക്കാലത്ത് സര്‍വ സാധരണയായി പടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേല്‍ക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകള്‍ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളില്‍ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനില്‍ക്കാറുണ്ട്.
രോഗ ലക്ഷണങ്ങള്‍:-
കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചല്‍,കണ്‍പോളകള്‍ തടിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക
രോഗം വന്നാല്‍:-
1.ടി.വി കാണുന്നത് പരമാവധി ഒഴിവാക്കുക.
2.നേത്ര രോഗ വിദഗ്ദനെ കണ്ട് ചികിത്സ സഹായം തേടുക.
3.രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
4.മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സ ചെയ്യാതിരിക്കുക.
5.കണ്ണിന് ചൂട് തട്ടാതെ സൂക്ഷിക്കുക.
രോഗം വരാതിരിക്കാന്‍:-
1.കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2.പുറത്ത് പോകുമ്പോള്‍ കുട പിടിക്കുക.
3.എന്നും കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക.
4.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
5.ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക.
സൂര്യാഘാതം:-
വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന സൂര്യാഘാതം ഇപ്പോള്‍ സംസ്ഥാനത്തും വ്യാപകമായിട്ടുണ്ട്.
രോഗ ലക്ഷണങ്ങള്‍:-
ചൊറിച്ചല്‍, പനി, മനം പുരട്ടല്‍, തണുപ്പ് തോന്നല്‍, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.ധാരാളം വെള്ളം കുടിക്കണം.
2.കാരറ്റ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ ചേര്‍ത്ത് സാലഡുകള്‍ കഴിക്കുക.
3.പുറത്തിറങ്ങുമ്പോള്‍ കഴിയുന്നതും വെള്ളവസ്ത്രം ധരിക്കുക.
4.പുറത്തിറങ്ങുമ്പോള്‍ കുട പിടിക്കുന്നത് നന്നായിരിക്കും.
5.ഇടയ്ക്കിടെ കുളിക്കുക.
6.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.
7.ശരീര ഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക.
കോളറ :-
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം,ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം ശരീരത്തിലെത്തുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.
രോഗ ലക്ഷണങ്ങള്‍:-
വയറിളക്കം, ഛര്‍ദ്ദി, പനി, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗം വരാതിരിക്കാന്‍:-
1.തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
2.ഭക്ഷണസാധനങ്ങള്‍ വേവിച്ചുമാത്രം കഴിക്കുക.
3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4.ആഹാര സാധനങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകുക.
5.ആഹാര സാധനങ്ങള്‍ അടച്ചുവയ്ക്കുക