കടുത്ത ചൂട്: ഹജ്ജിനെത്തിയ 68 ഇന്ത്യക്കാർ മരിച്ചു. ആകെ മരണം 645
കടുത്ത ചൂടിൽ ഈ വർഷം ഹജ്ജിനെത്തിയ 68 ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു. സഊദി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്കിടെ ആകെ 645 ഹജ്ജ് തീർത്ഥാടകരാണ്
മരിച്ചത്. ഇതില്‍ 68 പേര്‍ ഇന്ത്യക്കാരാണ്. കടുത്ത ചൂട് ഉള്‍പ്പെടെയുള്ള ആരോഗ്യ കാരണങ്ങളാലാണ് മരണം.
മരിച്ചവരില്‍ ഏറെയും വയോധികരായ ഹാജിമാരാണ്. സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചവരും പ്രതികൂല കാലാവസ്ഥയെ തുടർന്നു മരിച്ചവരും ഇതിൽ ഉൾപ്പെടും. ഹജ്ജിന്റെ ചടങ്ങുകൾക്ക് ഇന്നലെയോടെ പരിസമാപ്തിയായി. ഈ വർഷം 45 മുതൽ 50°C വരെ താപനിലയാണ് ഹജ്ജിനിടെ താപനില രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ ഹാജിമാര്‍ മരിച്ചത് ഈജിപ്തിൽ നിന്നുള്ളവരാണ്. 232 ഈജിപ്തുകാരാണ് മരിച്ചത്. 60 ജോര്‍ദാനികളും കടുത്ത ചൂടിനെ തുടര്‍ന്ന് മരിച്ചു. ഇന്തോനേഷ്യ, ഇറാന്‍, സെനഗല്‍, തുനീഷ്യ, ഇറാഖ്, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളിലുള്ളവരും മരിച്ചു.
കഴിഞ്ഞ വര്‍ഷം 200 ലേറെ ഹാജിമാർ ആയിരുന്നു വിവിധ കാരണങ്ങളാൽ മരിച്ചത്. ഇതിൽ കൂടുതലും ഇന്തോനേഷ്യക്കാരായിരുന്നു മരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം മരണ സംഖ്യ കൂടുതലാണ്.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും മൂലം നിരവധി മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ ഹാജിമാർ ആശുപത്രികളിലായി. ഞായറാഴ്ച മാത്രം 2,700 പേര്‍ക്ക് കടുത്ത ചൂടിനെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടി. ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ പകൽ സമയത്ത് ചെയ്യേണ്ടവയാണ്. കുട ചൂടി എങ്കിലും മിക്കവർക്കും നിർജലീകരണം ഉണ്ടായി.
Misty ഫാൻ ഉൾപ്പെടെയുള്ളവ സ്ഥാപിച്ചിരുന്നു. വെള്ളം ഇടക്ക് സ്പ്രേ ചെയ്യുകയും ചെയ്തു. ഹജ്ജിന്റെ പ്രധാന ചടങ്ങ് ആയ അറഫാ സംഗമം ശനിയാഴ്ചയായിരുന്നു. ഞായറാഴ്ചയാണ് കല്ലേറ് കർമം തുടങ്ങിയത്. ഈ ദിവസങ്ങളിലും നിരവധി പേർക്ക് ചൂടിനെ തുടർന്ന് ശാരീരിക പ്രശ്നങ്ങളുണ്ടായി. ഇന്നലെ (ബുധനാഴ്ച) കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ മടങ്ങി തുടങ്ങി.
ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മക്കയിൽ നിന്ന് പ്രവാചക നഗരിയായ മദീനയിലേക്ക് പോയി. എട്ടു ദിവസം ഇവിടെ താമസിച്ച ശേഷം മദീനയിൽ നിന്നാണ് കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ഇവരുടെ മടക്കയാത്ര. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദേശ തീർത്ഥാടകർ ഹജ്ജിനു മുൻപേ മദീന സന്ദർശനം പൂർത്തിയാക്കിയതിനാൽ വിടവാങ്ങൽ അപ്രദക്ഷിണം പൂർത്തിയാക്കി ജിദ്ദ വിമാനത്താവളത്തിൽ നിന്ന് അവരുടെ നാടുകളിലേക്ക് മടങ്ങും.
മക്കയിൽ എന്നപോലെ മദീനയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മക്കയില്‍ ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പ്രദേശങ്ങളിലെ താപനില ഓരോ പതിറ്റാണ്ടുകളിലും 0.4 ഡിഗ്രി സെല്‍ഷ്യസ് (0.72 ഫാരന്‍ഹീറ്റ്) എന്ന തോതില്‍ കൂടുന്നതായി സൗദി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പഠനം ഈയിടെ പുറത്തുവന്നിരുന്നു. ആഗോളതലത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം (climate change) തുടർന്നാണ് ഇത്.
2026 മുതൽ ഹജ്ജ് ചടങ്ങുകൾക്ക് താപനില കുറയുകയും തുടർന്നുള്ള വർഷങ്ങളിൽ തണുപ്പ് കാലത്തേക്ക് ഹജ്ജ് മാറുകയും ചെയ്യുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എൻ.സി.എം അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.