Hajj Weather 2024: അറഫ സംഗമം 15 ന് ; ബലി പെരുന്നാൾ സൗദിയിൽ 16 ന്
സൗദി അറേബ്യയിൽ ദുൽഹിജ്ജ മാസപ്പിറവി കണ്ടതിനെ തുടർന്ന് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 16 ആയിരിക്കും സൗദിയിൽ ബലിപെരുന്നാൾ. ഇത്തവണ ഹജ്ജ് ചടങ്ങ് നടക്കുന്ന ദിവസങ്ങളിൽ 48 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം (NCM) അറിയിക്കുന്നത്.
ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ (വെള്ളി) ദുൽഹിജ്ജ മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15നായിരിക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി ഹാജിമാർ മിനായിലേക്ക് പോകും. ഒമാൻ ഒഴികെ ഗൾഫിലെ മറ്റു രാജ്യങ്ങളിലും 16 നാണ് പെരുന്നാൾ.
ഒമാനിൽ മാസപ്പിറവി ദർശിക്കാത്തതിനാൽ ബലിപ്പെരുന്നാൾ ഈ മാസം 17നായിരിക്കും. കേരളത്തിൽ ഇന്ന് (വെള്ളി) ആണ് മാസപിറവി കാണേണ്ടത്. ചന്ദ്രൻ ഉദിക്കുമെങ്കിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കേരളത്തിൻറെ ആകാശത്ത് ഇന്ന് രാത്രി 7:49 വരെ ചന്ദ്രനിൽ ഉണ്ടാകും. 6.48 നാണ് സൂര്യൻ അസ്തമിക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം ചന്ദ്രൻ ആകാശത്തുണ്ടാകുമെങ്കിലും കാലവർഷ മേഘങ്ങൾ ഉള്ളതിനാൽ മാസപ്പിറവി ദർശനം ശ്രമകരമാകും.
അതിനാൽ കേരളത്തിലും ബലിപെരുന്നാൾ ജൂൺ 17 നോ 18 നോ ആകാനാണ് സാധ്യത.
ഹജ്ജ് ചടങ്ങുകൾ നടക്കുന്ന മക്കയിൽ 45 മുതൽ 48 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കാം എന്ന് എൻസിഎം മേധാവി അയ്മൻ ബിൻ സലിം ഗുലാം പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.