ചൂടിന് വിട, പൊള്ളിയ പ്രദേശങ്ങള്‍ക്കിനി മഴയുടെ കുളിര്
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഉഷ്ണതരംഗത്തിനും കൊടുംചൂടിനും പരിഹാരമായി വേനല്‍ മഴ ശക്തിപ്പെടും. കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നതും കൂടുതല്‍ ഈര്‍പ്പമുള്ള വായുവിന്റെ പ്രവാഹം ദക്ഷിണേന്ത്യയ്ക്ക് മുകളിലെത്തുന്നതുമാണ് കാരണം.
മെയ് 16, 17 തിയതികളില്‍ കേരളത്തിലും കര്‍ണാടകയില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയും ഉണ്ടാകും. ദക്ഷിണേന്ത്യയില്‍ പ്രീ മണ്‍സൂണ്‍ സാഹചര്യം അനുകൂലമാണ്. 40 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്ന ആന്ധ്രാപ്രദേശിലെ അനന്തപൂര്‍, കുര്‍നൂല്‍, കഡപ്പ, തിരുപ്പതി എന്നിവിടങ്ങളിലും ഇനി ചൂട് കുറയും. ഇവിടങ്ങളില്‍ അടുത്ത ദിവസം മഴ ശക്തിപ്പെടും.
വടക്കു-തെക്കു ന്യൂനമര്‍ദപാത്തിയും ഇതോടനുബന്ധിച്ചുള്ള കാറ്റിന്റെ ഗതിമുറിവുമാണ് ദക്ഷിണേന്ത്യയില്‍ ഇടിയോടെ ശക്തമായ വേനല്‍ മഴക്ക് കാരണമാകുക. ഈ ന്യൂനമര്‍ദപാത്തി മധ്യപ്രദേശ് മുതല്‍ തമിഴ്‌നാട് വരെ നീണ്ടു കിടക്കുന്നുണ്ട്. ഈ ന്യൂനമര്‍ദ പാത്തിയിലേക്ക് ഇരു ദിശയില്‍ നിന്നും കാറ്റ് പ്രവഹിക്കുന്നുണ്ട്.
കന്യാകുമാരി മേഖല, മറാത്ത് വാഡ, കര്‍ണാടക, രായലസീമ, വടക്കന്‍ കേരളം, തെക്ക്, മധ്യ തമിഴ്‌നാട് തുടങ്ങിയ ലൊക്കേഷനുകളെല്ലാം ഇനിയുള്ള മഴയുടെ ഹോട് സ്‌പോട്ടുകളാണ്. കന്യാകുമാരി മേഖലയില്‍ ഇന്ന് ദൃശ്യമായ താഴ്ന്ന ഉയരത്തിലെ ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങും. ഇത് ദക്ഷിണേന്ത്യയ്ക്കു മുകളില്‍ ഈര്‍പ്പമുള്ള കാറ്റിന്റെ പ്രവാഹത്തിന് ഇടയാക്കും.
നേരത്തെ, ഉഷ്ണ തരംഗ സമയത്ത് ചൂടുള്ള കാറ്റായിരുന്നു ഇത്തരത്തില്‍ പ്രവഹിച്ചിരുന്നത്. പലപ്പോഴും മഴക്കാലത്തിന് സമാന അന്തരീക്ഷവും മഴ ഇപ്പോള്‍ പെയ്യുമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, ഹൊസൂര്‍, തുംകൂരു എന്നിവിടങ്ങളിലും മഴ കനക്കുമെന്നാണ് അന്തരീക്ഷസ്ഥിതി പ്രവചനം സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ, എന്നിവിടങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പ പ്രവാഹം മൂലം ചെന്നൈ ഉള്‍പ്പെടെ തീരദേശ തമിഴ്‌നാട്ടില്‍ രാവിലെ മുതല്‍ മഴ നല്‍കും. മധുരൈ, കോയമ്പത്തൂര്‍, ഈറോഡ്, തിരുച്ചി മേഖലയില്‍ ഇടിയോടെ കനത്ത മഴയും പ്രതീക്ഷിക്കാം.
FOLLOW US ON GOOGLE NEWS