ഓണത്തിന് കണിക്കൊന്ന പൂത്തോ? അതത്ര നല്ല കാര്യമല്ല, പിന്നില്‍ കാലാവസ്ഥാ വ്യതിയാനം

ഓണത്തിന് കണിക്കൊന്ന പൂത്തോ? അതത്ര നല്ല കാര്യമല്ല, പിന്നില്‍ കാലാവസ്ഥാ വ്യതിയാനം

പൂക്കളും പൂക്കളങ്ങളും വസന്തം വിരിയിക്കേണ്ട കാലമാണ് ഓണം. കാലവര്‍ഷത്തിന്റെ വിരാമം അറിയിച്ച് ചിങ്ങത്തിനാണ് ഓണമെത്തുന്നത്. ഓണത്തോടെ ഉത്തരേന്ത്യയില്‍ കാലവര്‍ഷം വിടവാങ്ങാന്‍ ഒരുക്കം തുടങ്ങും. അതായത് ഗണേശോത്സവം കഴിഞ്ഞ് കാലാവസ്ഥയില്‍ മാറ്റം വരുന്നതാണ് പതിവ്.

എന്നാല്‍ ഓണത്തിന് വിഷുവിന് പൂത്തു കൊഴിയേണ്ട കണിക്കൊന്ന ഇപ്പോഴും കാണുന്നുണ്ടെങ്കില്‍ അതത്ര നല്ലകാര്യമല്ല. കാലാവസ്ഥാ വ്യതിയാനമാണ് ഓണത്തിനും കണിക്കൊന്ന പൂക്കാന്‍ കാരണം. ഓണപ്പൂക്കളങ്ങളില്‍ കാക്കപ്പൂ, അരളിപ്പൂ, കോളാമ്പിപ്പൂ, ചെമ്പരത്തി എല്ലാം പതിവാണെങ്കിലും കണിക്കൊന്ന കാണുന്നത് നല്ല ലക്ഷണമല്ല. ഇതിന്റെ കാരണം വിശദീകരിക്കാം.

2021 മുതല്‍ ഓണക്കാലത്ത് കേരളത്തില്‍ കണിക്കൊന്ന പൂത്തുനില്‍ക്കുന്നതായ റിപ്പോര്‍ട്ടുകളുണ്ട്. പത്തനംതിട്ട ജില്ലയില്‍ 2021 ലെ ഓണക്കാലത്ത് കണിക്കൊന്ന വ്യാപകമായി പൂത്തുനിന്നിരുന്നു. മേടമാസത്തില്‍ പൂക്കുന്ന കണിക്കൊന്ന ചിങ്ങത്തിലും പൂത്തതിനു പിന്നില്‍ ഒരു കാരണമേയുള്ളൂ. അതാണ് കാലാവസ്ഥാ വ്യതിയാനം.

കാലാവസ്ഥയും കണിക്കൊന്നയും തമ്മില്‍

കാസിയ ഫിസ്റ്റുല എന്നാണു കൊന്നയുടെ ശാസ്ത്രീയനാമം. വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന വിഭാഗത്തില്‍ പെടുന്ന ട്രോപ്പിക്കല്‍ അഥവാ ഉഷ്ണമേഖലാ സസ്യമാണിത്. കേരളം ഉള്‍പ്പെടുന്ന ഭൂ പ്രദേശത്തെയാണ് ഉഷ്ണമേഖലാ പ്രദേശം അഥവാ ട്രോപിക്കല്‍ മേഖല എന്നു നമുക്കറിയാം. കാലാവസ്ഥാ പ്രവചിക്കാന്‍ ഭൂമിയില്‍ ഏറ്റവും വിഷമകരമായ പ്രദേശമാണിത്.

എപ്പോള്‍ പൂക്കും എപ്പോള്‍ കൊഴിയും

സീസാല്‍പീനിയേഡ കുടുംബത്തിലാണ് കണിക്കൊന്ന ഉള്‍പ്പെടുന്നത്. സൂര്യന്‍ ഭൂമിക്ക് നേരെ മുകളില്‍ വരുന്ന ചൂടുകൂടിയ കാലത്താണ് സ്വാഭാവികമായി ഇതു പൂക്കുന്നത്. മാര്‍ച്ച് പകുതിക്ക് ശേഷം വിഷു കഴിയും വരെ കണിക്കൊന്ന സാധാരണയായി പൂത്തു നില്‍ക്കും. തുടര്‍ന്ന് കൊന്നപ്പൂ കൊഴിയാനും തുടങ്ങും. ഇനി വൈകിയാല്‍ തന്നെ ജൂലൈ ആദ്യവാരം വരെ സ്വാഭാവികമായി കൊന്ന പൂക്കാറുള്ളൂ.

എന്തുകൊണ്ടാണ് വിഷുവിന് പൂക്കുന്നത്

ഋതുക്കളുണ്ടാകുന്നത് സൂര്യനെ ഭൂമി ചുറ്റുന്നത് (പരിക്രമണം) മൂലമാണെന്ന് അറിയാമല്ലോ. ഇങ്ങനെ ഭൂമിക്ക് സൂര്യനെ ചുറ്റാന്‍ 365 ദിവസം വേണം. അതായത് ഒരു വര്‍ഷം. 12 മാസവും സൂര്യന്റെ വ്യത്യസ്ത പൊസിഷനിലായിരിക്കും ഭൂമി. ശരിക്കും ഒരു മാസമല്ല, ഓരോ ദിവസവും. ഇന്ന് നാം എവിടെയാണോ അവിടയല്ല നാളെ നാം എന്നര്‍ഥം.

മാര്‍ച്ച് 21 നാണ് വിഷുവം അഥവാ Equinox. അതായത് ഉത്തര അയനത്തിനിടെ മാര്‍ച്ച് 21ന് സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളിലെത്തുന്നതിനെയാണ് വിഷുവം എന്നു പറയുന്നത്. ഈ സമയം ഭൂമധ്യരേഖാ പ്രദേശത്ത് രാവും പകലും തുല്യമായ ദിവസമാണിത്. ചൂടേറിയ ദിവസങ്ങളാണ് സ്വാഭാവികമായും ഇതിനടുത്തുവരുന്നത്. ചൂടേറുമ്പോഴാണ് കൊന്ന പൂക്കുന്നത്.

കൊന്നയുടെ ജീവിത ചക്രം ഇങ്ങനെ

ജനുവരിയില്‍ കൊന്നകളുടെ ഇല കൊഴിയും. 10- 15വര്‍ഷം മുന്‍പുവരെ മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആയിരുന്നു പൂവിടല്‍. മേയ് പകുതി വരെ പൂക്കാലം. ആദ്യ മഴയ്‌ക്കൊപ്പമോ വിഷുക്കാലത്തു പെയ്യുന്ന മഴയില്‍ത്തന്നെയോ പൂക്കള്‍ കൊഴിയും. ബാക്കിയുള്ളവ കായ്കളായി വളരും. ഇതിനൊപ്പം മരത്തില്‍ തളിരുകള്‍ വളര്‍ന്നു തുടങ്ങും. ഇതാണ് സ്വാഭാവിക രീതി. ഇതില്‍ മാറ്റം വന്നാല്‍ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചതായി മനസിലാക്കണം.

വിഷുക്കാല പൂക്കലിനു കാരണം

മണ്ണില്‍ വെള്ളത്തിന്റെ അംശം വലിയതോതില്‍ കുറയുമ്പോള്‍, വായുവിലെ ഈര്‍പ്പസാന്നിധ്യം (ഹ്യുമിഡിറ്റി) ഇല്ലാതാകുമ്പോള്‍ ഇലകളില്‍ ‘ഫ്‌ളോറിജന്‍’ എന്ന ‘ഫ്‌ളവറിങ് ഹോര്‍മോണ്‍’ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുമെന്നു സസ്യശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ പൂവിടേണ്ട കൊന്നകള്‍ ഇപ്പോഴും പൂവിടുന്നതിനു കാരണം മഴയെത്ര പെയ്തിട്ടും മേല്‍മണ്ണിലെ ഈര്‍പ്പം കുറയുന്നു എന്നതാണ്.

ഏതാനും ദിവസം വെയില്‍ ഉദിക്കുമ്പോഴേക്കും മണ്ണ് വരണ്ടുപോകുന്നതാണ് ഇപ്പോള്‍ കാണുന്നത്. മഴ മാറുമ്പോഴേക്കും ചൂടു കൂടി വരുന്ന അവസ്ഥ. ഇപ്പോള്‍ പെയ്യുന്ന മഴ പോര ആ വരള്‍ച്ചയുടെ ദാഹം അകറ്റാന്‍ എന്നാണ് കൊന്നപ്പൂ നല്‍കുന്ന സൂചന. പെയ്യുന്ന മഴ മണ്ണിലിറങ്ങുന്നില്ല. അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊന്നച്ചെടിയുടെ ഫഌവറിങ് ഹോര്‍മോണിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഏതായാലും കാലം തെറ്റിയുള്ള കൊന്ന പൂവിടല്‍ നല്ല സൂചനയല്ലെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു.

മെറ്റ്ബീറ്റ് ന്യൂസ് വായനക്കാര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment