കാലാവസ്ഥാ വ്യതിയാനം: ഓണത്തിന് തന്നെ പൂത്ത് കൊന്ന; വിഷുവിന് കണികാണാൻ കിട്ടുമോ?
ഓണത്തിന് നാടൊരുങ്ങവെ വിഷുവിന് പൂക്കേണ്ട കൊന്ന പൂത്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചെടികളിലും വൃക്ഷങ്ങളിലും ഋതുക്കളെ പോലെ മാറ്റം വരികയാണ്. കോഴിക്കോട് ജില്ലയിലെ ഗോവിന്ദപുരത്തിനും കോട്ടൂളിക്കും ഇടയിലുള്ള മൈലമ്പാടി (ദേശപോഷിണിക്ക് സമീപം) ജയദീപിന്റെ വീട്ടിലാണ് ആണ് ഓണത്തിനിടെ കൊന്ന പൂത്തത്. സാധാരണ വിഷുവിനോട് അടുത്താണ് കൊന്ന പൂക്കാറുള്ളത്.നേരത്തേ ഏപ്രിലിൽ ( നാലാം മാസം) പൂത്തിരുന്ന കൊന്ന ഈയിടെ മാർച്ചിലും പൂക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ ഓണത്തിനു തന്നെ കൊന്ന പൂത്തത് കൗതുകക്കാഴ്ചയായി.
വിഷുവിന് കണികാണാനില്ലാതാകുമോ കൊന്ന
കാലഗണയ്ക്കുള്ള വൃക്ഷങ്ങളിലൊന്നാണ് കൊന്ന. കൊന്ന പൂക്കുന്നത് വിഷുക്കാലമെത്തിയെന്നതിന്റെ പ്രകൃതി നൽകുന്ന അടയാളമായാണ് കണക്കാക്കിയിരുന്നത്.കാലാവസ്ഥയിലെ തകിടം മറിച്ചിലോടെ കൊന്ന പൂക്കുന്ന സീസണിലും മാറ്റം വന്നു. വിഷുവിന് കൊന്ന കണികാണാൻ പോലും കിട്ടാതെ നേരത്തെ പൂത്തു കൊഴിഞ്ഞു പോകുകയാണ്.
കൊന്ന പൂക്കുന്നത് എപ്പോൾ
കേരളം ഉൾപ്പെടുന്ന മിതോഷ്ണ ട്രോപ്പിക്കൽ മേഖലയിലാണ് കണിക്കൊന്ന ഗോൾഡൻ ഷവർ ട്രീ കാണുന്നത്. കേരളത്തിലും ശ്രീലങ്കയിലും മ്യാൻമർ എന്നിവിടങ്ങളിലും വേനലോടനുബന്ധിച്ച് കൊന്ന പൂക്കാറുണ്ട്. ഫാബേസ്യ സസ്യ കുടുംബത്തിലെ ഇന്ത്യൻ ലാബർനം ലെഗുമിനോസെ എന്ന ശാസ്ത്രനാമത്തിലാണ് കൊന്ന അറിയപ്പെടുന്നത്. അന്തരീക്ഷ താപനില തുടർച്ചയായി 33 ഡിഗ്രിക്ക് മുകളിലെത്തുമ്പോഴാണ് കേരളത്തിൽ കൊന്ന പൂത്തു തുടങ്ങാറുള്ളത്. പുഷ്പിക്കാൻ സഹായിക്കുന്ന ഫഌവറിങ് ഹോർമോണുകൾ വൃക്ഷത്തിൽ ഉത്പാദിപ്പിക്കാൻ ഈ അന്തരീക്ഷ താപനിലയും അനുയോജ്യമായ ആർദ്രതയും വേണം.
അന്ന് മീനത്തിൽ പൂത്തു, ഇപ്പോൾ ചിങ്ങത്തിലും
നേരത്തെ കേരളത്തിൽ മീനമാസം പകുതിയാകുമ്പോഴായിരുന്നു അന്തരീക്ഷ താപനില 30 ഡിഗ്രിക്ക് മുകളിൽ വരാറുള്ളത്. അതിനാൽ കൊന്നയുടെ പൂക്കാലവും വിഷുക്കാലത്തായി. കാലാവസ്ഥാ വ്യതിയാനത്തോടെ താപനിലയിലും കേരളത്തിൽ മാറ്റം വന്നു. സെപ്തംബർ, ഒക്ടോബർ മുതൽ കൊന്ന പൂക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ കാലവർഷം കുറഞ്ഞതും കർക്കിടകത്തിൽ തന്നെ ചൂട് 30 ഡിഗ്രി കടന്നതും ചിങ്ങത്തിൽ തന്നെ കൊന്ന പൂക്കാൻ ഇടയാക്കി.
മറ്റു വൃക്ഷങ്ങളുടെ പൂവിടലും തെറ്റും
മാവ്, ആഞ്ഞിലി, വാക, ആൽമരം തുടങ്ങിയവയുടെ പൂവിടലും കാലാവസ്ഥാ മാറ്റത്തോടെ ഉണ്ടാകുമെന്ന് സസ്യശാസ്ത്ര വിദഗ്ധർ പറയുന്നു.എന്നാൽ കാലാവസ്ഥാ വ്യതിയാനവുമായി ഇത്തരം പഠനം നടന്നിട്ടില്ല.