കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി
കനത്ത മഴയിൽ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. ഓപ്പറേഷൻ തീയേറ്ററിലും വെയിറ്റിംഗ് ഏരിയയിലും ആണ് വെള്ളം കയറിയിട്ടുള്ളത്. വെള്ളം പൂർണമായി നീക്കി എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാവിലെ മുതൽ തന്നെ തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. ആശുപത്രിയിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഓപ്പറേഷൻ തീയേറ്ററിലെ വെള്ളം പൂർണമായും നീക്കിയത്. ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനസജ്ജമാക്കാൻ സാനിറ്റൈസിങ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ദിവസങ്ങൾ വേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം ജില്ലയിൽ ഇന്ന് രാത്രിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
അതിശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റു ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്കാണ് രാത്രിയിൽ സാധ്യത.