ഗാസയിൽ ശൈത്യക്കാറ്റ്, പേമാരി; എങ്ങും കണ്ണീർ കാഴ്ചകൾ, ഈ കാറ്റ് ഉത്തരേന്ത്യയിലും മഴ നൽകും, കേരളവും തണുക്കും
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാല്‍ലക്ഷത്തിലധികം പേരെ ഇസ്‌റായേല്‍ കൊന്നൊടുക്കിയ ഗാസയില്‍ ബോംബുവര്‍ഷത്തിനൊപ്പം പേമാരിയും ദുരിതാശ്വാസ കേന്ദ്രങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദുരിതാശ്വാസ ക്യാംപുകളിലെ ടെന്റുകള്‍ വെള്ളത്തിനടിയിലായി. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. തെക്കന്‍ ഗാസയിലെ ഖാന്‍യൂനിസിലാണ് ഇസ്‌റായേല്‍ ആശുപത്രി വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഇവിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഴയില്‍ കുതിരുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി ഗാസയില്‍ കനത്ത മഴ തുടരുകയാണ്. ഗാസയുടെ പടിഞ്ഞാറന്‍ തീരം മെഡിറ്ററേനിയന്‍ കടലായ മധ്യധരണ്യാഴിയാണ്. ഇവിടെ നിന്നുള്ള പശ്ചിമവാതം എന്ന ശൈത്യക്കാറ്റാണ് ഉത്തരേന്ത്യയില്‍ കൊടുംശൈത്യത്തിന് കാരണം. അടുത്തയാഴ്ച ഉത്തരേന്ത്യയിലും തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലും തണുപ്പ് കൂടുമെന്നും കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നല്ലോ.
പശ്ചിമവാതത്തിന്റെ ഭാഗമായ ശീതക്കാറ്റാണ് ഗാസയിലും മഴക്ക് കാരണം. മധ്യ ഗസ്സയിലെ ദാറുല്‍ ബലാഹ്, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലും കനത്ത മഴ ദുരിതം വിതച്ചു. പലയിടത്തും വെള്ളംകയറി ജനം അതീവദുരിതത്തിലായി. കടുത്ത ശൈത്യത്തെ അതിജീവിക്കാന്‍ ആവശ്യമായ പുതപ്പോ, വസ്ത്രങ്ങളോ ഇല്ല. ടെന്റുകള്‍ തകര്‍ന്നും വെള്ളംകയറിയും പ്ലാസ്റ്റിക് കൂരകള്‍ ദുരിതത്തിലായി.
ഗാസയില്‍ നിന്ന് 17 ലക്ഷം പേര്‍ ഇതിനകം മാറിത്താമസിച്ചിട്ടുണ്ട്. ഇതുവരെ 25,700 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കനത്ത മഴ പെയ്ത് ടെന്റുകളില്‍ വെള്ളം കയറിയത്. മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസയില്‍ എപ്പോഴും കാലാവസ്ഥ അസ്ഥിരമാണ്. സാധാരണ വാര്‍ഷിക മഴ ഇവിടെ കുറവും വരള്‍ച്ച പതിവുമാണ്. എന്നാല്‍ ചില ഭാഗങ്ങളില്‍ കനത്ത മഴയും പ്രളയവും ഉണ്ടാകാറുണ്ടെന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ പറയുന്നു.
ഗാസയിലെ മഴക്കാലം ജനുവരി
ജനുവരി പരമ്പരാഗതമായി ഗാസയിലെ മഴക്കാലമാണ്. 10 സെ.മി മഴയാണ് ഒരു വര്‍ഷത്തില്‍ ഇവിടെ പെയ്യേണ്ടത്. നമ്മുടെ നാട്ടില്‍ ഒരു ദിവസം പെയ്യുന്ന കനത്ത മഴ ഇതിന്റെ രണ്ടിരട്ടിയിലേറെ ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ കഴിഞ്ഞ ആഴ്ചമാത്രം ഇതിലേറെ മഴ ഗാസയിലെ ചിലഭാഗങ്ങളില്‍ ലഭിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്ന് അനുമാനിക്കുന്നു. കടുത്ത ശൈത്യക്കാറ്റാണ് മഴക്കും ആലിപ്പഴ വര്‍ഷത്തിനും ഇടയാക്കുന്നത്.
ഇതുകാരണം താപനില 5 മുതല്‍ 8 ഡിഗ്രിവരെ കുറഞ്ഞു. അടുത്തയാഴ്ചയും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യത. ഇസ്‌റായേല്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരവും ഈ മേഖലയില്‍ കൊടുംശൈത്യം തുടരാനാണ് സാധ്യത.
അതേസമയം, ഗാസ മുനമ്പിലെ എല്ലാ മേഖലകളിലേക്കും വേഗത്തിലും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായ വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാദര്‍ ആവശ്യപ്പെട്ടു. ബി.ബി.സിയോട് സംസാരിക്കുകയായിരുന്നു അവർ.
നൂറില്‍ താഴെ ട്രക്കുകള്‍ മാത്രമാണ് ഗാസ മുനമ്പിലേക്ക് പ്രവേശിച്ചത്. ഒക്ടോബറിനു മുമ്പ് ഗാസ മുനമ്പിലേക്ക് ഒഴുകിയിരുന്ന 400- 500 എയ്ഡ് ട്രക്കുകളും സ്ട്രിപ്പിന്റെ അടിയന്തര സഹായ വിതരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണെന്ന് അവർ പറഞ്ഞു.
ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, മറ്റ് സാമഗ്രികള്‍ തുടങ്ങി ഈ ഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമായ ഉത്പന്നങ്ങളാണ് സഹായമായി എത്തേണ്ടത്. ഫലസ്തീനികള്‍ക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങള്‍ ഖത്തര്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും അതുവഴി ഗാസയിലെ ഫലസ്തീന്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ ആവശ്യമായ സഹായം എത്തിക്കാന്‍ കഴിയുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ഈജിപ്തിലെ അല്‍-അരിഷ് എന്ന തുറമുഖ നഗരം. എന്നാല്‍ ഇസ്രായേല്‍ ഇവിടെ നിന്നുള്ള പ്രവേശനം ഉള്‍പ്പെടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. നാലാം ജനീവ കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 59 ലംഘിച്ച് ഇസ്രായേല്‍ സൃഷ്ടിച്ച നിരവധി തടസ്സങ്ങള്‍ ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാദര്‍ ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര നിയമത്തിന് എതിരാണ് എന്നും അവർ പറഞ്ഞു.