2024 ലെ ആദ്യ ന്യൂനമര്‍ദം ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍, അതി തീവ്ര ന്യൂമര്‍ദമാകും
2024 ലെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെട്ടേക്കും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തോടു ചേര്‍ന്ന് കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതചുഴി ശക്തിപ്പെട്ടാണ് ന്യൂനമര്‍ദമാകുക. ഈ ചക്രവാതച്ചുഴി അന്തരീക്ഷത്തിന്റെ മിഡ് ട്രോപിക് ലെവലിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദം രൂപപ്പെട്ടശേഷം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം ആകാനും തുടര്‍ന്ന് വടക്കു കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കാനും കാരണമാകും. ന്യൂനമര്‍ദം രൂപപ്പെടുക തമിഴ്‌നാട് തീരത്താണെങ്കിലും പിന്നീട് അകന്നുപോകും. അതിനു ശേഷമാണ് തീവ്രന്യൂനമര്‍ദം ആകുക.
വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച പുലര്‍ച്ചെയോ തീവ്രന്യൂനമര്‍ദമായേക്കും. മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഈ സിസ്റ്റം അതിതീവ്ര ന്യൂനമര്‍ദം ആകാനും സാധ്യതയുണ്ട്. മ്യാന്‍മര്‍, ബംഗ്ലാദേശ് തീരത്തേക്കാണ് തുടര്‍ന്ന് സഞ്ചരിക്കുക.
സാധാരണ പ്രീ മണ്‍സൂണ്‍ ന്യൂനമര്‍ദങ്ങള്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപം രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുകയാണ് പതിവെങ്കിലും ഇത്തവണ ഇന്ത്യന്‍ തീരത്തു രൂപപ്പെട്ട് മ്യാന്‍മര്‍- ബംഗ്ലാദേശ് തീരത്തേക്ക് പോകുന്ന രീതിയാണുള്ളത്. സിസ്റ്റത്തിന്റെ ട്രാക്ക് ഇനിയും വ്യക്തമല്ല. സിസ്റ്റം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സമീപം വീണ്ടും ശക്തിപ്പെട്ട് റിമാല്‍ ചുഴലിക്കാറ്റായേക്കുമെന്നും ചില കാലാവസ്ഥാ മോഡലുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ നിരീക്ഷകര്‍ ഇപ്പോഴും കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയോളമായി തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴിയുണ്ട്. വടക്കു പടിഞ്ഞാറ് ദിശയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ശക്തികൂടിയ ശേഷം ദിശമാറി വടക്കുകിഴക്ക് ദിശയിലേക്ക് ട്രാക്ക് മാറുമെന്നും കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിനില്‍ പറഞ്ഞു.
പശ്ചിമബംഗാള്‍, ഒഡിഷ, മിസോറം, ത്രിപുര, മണിപ്പൂരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ സിസ്റ്റം കനത്ത മഴ നല്‍കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മെയ് 24, 25 തിയതികളില്‍ ആണ് ഈമേഖലയില്‍ കനത്ത മഴ ലഭിക്കുക.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.