മൂന്നാറില്‍ വീണ്ടും അതിശൈത്യം; താപനില പൂജ്യം ഡിഗ്രിയില്‍
മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.സാധാരണ ഒക്ടോബറിലാണ് ശൈത്യകാലം ആരംഭിക്കുന്നത്.
എന്നാല്‍ ഇത്തവണ ഇത് ഏറെ വൈകി ജനുവരി അവസാനമാണ് താപനില തീവ്രമായിരിക്കുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.