ചരിത്രത്തിൽ ആദ്യമായി ബ്രിട്ടനിൽ ചൂട് 40 ഡിഗ്രി കടന്നു. ലണ്ടനിലെ ഹീത്രുവിൽ 40.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. 2019 ജൂലൈയിൽ കാംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസ് ആണ് മുൻ റെക്കോർഡ്. ഇതോടെ ലണ്ടനിലും തീപിടിത്ത കേസുകൾ കൂടിയെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. 250 ഫയർ എൻജിനുകളാണ് ലണ്ടനിൽ തീയണയ്ക്കുന്നത്. അതിനിടെ, പടിഞ്ഞാറൻ യൂറോപ്പിലെ ഉഷ്ണ തരംഗവും കൊടുംചൂടും വടക്കൻ മേഖലകളിലേക്കും വ്യാപിക്കുന്നുണ്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കനത്ത ചൂടിനെ തുടർന്ന് ജനജീവിതം താറുമാറായി.
ബ്രിട്ടനിൽ വരും ദിവസങ്ങളിൽ ചൂട് 42 ഡിഗ്രിയും കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. വടക്കൻ സ്‌പെയിനിൽ താപനില തിങ്കളാഴ്ച 43 ഡിഗ്രിയിലെത്തി. ഫ്രാൻസ്, പോർചുഗൽ, സ്‌പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ കാട്ടുതീ പടരുകയാണ്. ആയിരക്കണക്കിനാളുടെ ഇവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. സ്‌പെയിനിൽ കാട്ടുതീയെ തുടർന്ന് രണ്ടു പേർ മരിച്ചു. ട്രാക്കിനു സമീപം തീയെത്തിയതോടെ സ്‌പെയിനിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ സമോറയിൽ റെയിൽഗതാഗതം തടസ്സപ്പെട്ടു. വടക്കൻ പോർച്ചുഗലിലും വയോധികരായ ദമ്പതികൾ കൊല്ലപ്പെട്ടു. ഫ്രാൻസിലും കാട്ടുതീയും ഉഷ്ണ തരംഗവും തുടരുന്നു. വടക്കൻ നഗരമായ നാൻടെസിൽ താപനില 42 ഡിഗ്രിയിലെത്തി. കാട്ടുതീയെ തുടർന്ന് 30,000 പേരെ മാറ്റിപാർപ്പിച്ചതായാണ് കണക്ക്. 1000 മൃഗങ്ങളുള്ള മൃഗശാലയും ഒഴിപ്പിച്ചു. 19,300 ഹെക്ടർ പ്രദേശം കാട്ടുതീ അഗ്നിക്കിരയാക്കി. യൂറോപിലെ ചൂട് പശ്ചിമേഷ്യയിലെ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ബാധിച്ചു.