പ്രളയത്തിൽ വിറങ്ങലിച്ച സ്പെയിൻ നിന്നും അവസാനിക്കാത്ത ദുരിത കാഴ്ചകൾ
പ്രളയത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സ്പെയിൻ. ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണസംഖ്യ 115 ആയി ഉയർന്നിട്ടുണ്ട്. നൂറുകണക്കിനാളുകളെ ആണ് വെള്ളപ്പൊക്കത്തിൽ കാണാതായിരിക്കുന്നത്. കൂടുതൽ നാശം ഉണ്ടായിട്ടുള്ളത് വലെൻസിയ മേഖലയിലാണ്. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ഉള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങിയിട്ടുണ്ട്. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു നിരവധി മൃതദേഹങ്ങളാണ് സൈന്യം കണ്ടെടുത്തത്.
തെക്കൻ സ്പെയിനിലെ സമൃദ്ധമായ കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു പോയിട്ടുണ്ട്. ഭക്ഷ്യോൽപന്നങ്ങൾ യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നുമാണ്. ശക്തമായ മഴ വടക്കൻ സ്പെയിനിലേക്കും വ്യാപിച്ചിരിക്കുകയാണ്. കിഴക്കൻ വലെൻസിയ മേഖലയിൽ റെഡ് അലർട്ട് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ അറിയിച്ചു. മിന്നൽപ്രളയം സംബന്ധിച്ചു മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നുള്ള ആക്ഷേപവും ഉയരുന്നു.