എൽനിനോ ശക്തമാകുന്നു, പക്ഷേ വീണ്ടും ന്യൂനമർദ സാധ്യത. ഏഴു വർഷത്തിനു ശേഷം പസഫിക് സമുദ്രത്തിൽ ശക്തമായ എൽനിനോ രൂപപ്പെടുന്നു. എന്നാൽ കേരളത്തിൽ വീണ്ടും മഴ തുടരാൻ കാരണമാകും. അടുത്ത ആഴ്ചകളിൽ മറ്റൊരു ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നു.
ജൂണിൽ എൽനിനോ രൂപപ്പെട്ടെങ്കിലും ശക്തിപ്പെടുന്നത് ഇപ്പോഴാണ്. ഇന്ത്യയിൽ കാലവർഷത്തിന്റെ രണ്ടാം പാദത്തിലാണ് എൽനീനോ ഇത്തവണ ശക്തിപ്പെട്ടത്. തുടർച്ചയായ മൂന്നുവർഷം ലാനിനക്ക് ശേഷം 2023 ലാണ് എൽനിനോയിലേക്ക് പസഫിക് സമുദ്രം മാറിയത്.
ആഗോളതലത്തിൽ ചൂടു കൂടുന്ന സാഹചര്യത്തിൽ എൽനിനോക്ക് പ്രാധാന്യമുണ്ട്. ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും വരൾച്ചക്ക് കാരണമാകുന്നതാണ് എൽനിനോ.ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതാപനില കൂടുന്നതാണ് എൽനിനോ എന്ന ആഗോള കാലാവസ്ഥാ പ്രതിഭാസം.
തെക്കുപടിഞ്ഞാറൻ മൺസൂണിന് ശേഷവും എൽനിനോ ശക്തമായി നിലനിൽക്കുന്നത് തുടർന്നുള്ള മഴ കുറയ്ക്കുമോയെന്ന ആശങ്ക കാലാവസ്ഥാ നിരീക്ഷകർക്കുണ്ട്. 2015 ൽ ഇത്തരമൊരു സാഹചര്യമുണ്ടായിരുന്നു. 2019 ൽ എൽനിനോ നിലനിൽക്കവെ കാലവർഷം നേരത്തെ എത്തുകയും ചെയ്തു. 2009 നും 2015 നും ഇടയിൽ അഞ്ചു വർഷത്തോളം എൽനിനോക്ക് ഇടവേളയുണ്ടായിരുന്നു.
ഐ.ഒ.ഡി പോസിറ്റീവിൽ
എൽനിനോ ശക്തമാണെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ഫേസിലേക്ക് നീങ്ങുകയാണ്. എൽനിനോ ശക്തമായിട്ടും കേരളത്തിൽ സെപ്റ്റംബറിൽ മഴ ലഭിക്കാൻ കാരണം ഇതാണ്.നാലു വർഷം മുൻപാണ് നേരത്തെ ഐ.ഒ.ഡി പോസിറ്റീവായത്.
2019 ലായിരുന്നു ഇത്. 2019 സെപ്റ്റംബറിൽ 53 ശതമാനം അധിക മഴയാണ് ലഭിച്ചത്.100 വർഷത്തെ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബറായിരുന്നു അത്. ഈ സെപ്റ്റംബറിലും സാധാരണയിൽ കൂടുതൽ മഴ പെയ്യുമെന്നാണ് മെറ്റ്ബീറ്റ് വെതർ ഉൾപ്പെടെയുള്ള ഏജൻസികൾ പ്രവചിക്കുന്നത്. എന്നാൽ കാലവർഷത്തിലെ മഴക്കുറവ് നികത്താൻ മാത്രം മഴ ഈ സെപ്റ്റംബറിൽ ലഭിക്കില്ല എന്നും ഏജൻസികൾ വിശദീകരിക്കുന്നു.
എം.ജെ.ഒ സ്വാധീനം
മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) എന്ന ആഗോള മഴപ്പാത്തിയുടെ സ്വാധീനവും തുടർന്നുള്ള ആഴ്ചകളിൽ ലഭിക്കും. അതിനാൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം പ്രതീക്ഷിക്കണം. ഇത് മഴക്ക് കാരണമാകും.