ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനും ചുഴലിക്കാറ്റിനും സാധ്യത ഉരുത്തിരിയവെ കഴിഞ്ഞ വ്യാഴവട്ടകാലത്ത് മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത് എട്ടു ചുഴലിക്കാറ്റുകൾ. ഈ ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ കിഴക്കൻ തീരത്തോ ബംഗ്ലാദേശിലോ ആണ് കരകയറിയത്. ചുഴലിക്കാറ്റുകൾ രൂപം കൊള്ളാത്ത മെയ് മാസങ്ങളും ഉണ്ടായിരുന്നു.
2010 ൽ ലൈല മുതൽ 2022 ലെ അസാനി വരെ
2010 മെയ് 20 നാണ് ലൈല ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ഇത് ആന്ധ്രാപ്രദേശിലെ ബപാട്‌ലയിൽ കരകയറി. 2011, 2012 വർഷങ്ങളിൽ മെയ് മാസത്തിൽ ചുഴലിക്കാറ്റ് ഉണ്ടായില്ല. 2013 ൽ വിയാറു ചുഴലി മെയ് 16 ന് രൂപം കൊണ്ടു. പക്ഷേ ഇന്ത്യൻ തീരത്തു നിന്ന് അകന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കരകയറി. 2014,2015 വർഷങ്ങളിൽ ചുഴലിക്കാറ്റ് രൂപം കൊണ്ടില്ല. 2016 മെയ് 21 ന് റോനുവും 2017 മെയ് 28 ന് മോറയും രൂപം കൊണ്ട് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ കരകയറി. 2018 ൽ ചുഴലിക്കാറ്റ് ഉണ്ടായില്ല. എന്നാൽ 2019 ൽ മെയ് തുടക്കത്തിൽ തന്നെ ഫാനി വീശിയടിച്ചു. മെയ് 3 ന് രൂപം കൊണ്ട ഫാനി ഒഡിഷയിലെ പുരിയിൽ കരകയറി ദുർബലമായി.
2020 മെയ് 20 ന് ആംഫാനും 2021 മെയ് 26 ന് യാസും രൂപം കൊണ്ടു. ഇതിൽ ആംഫാൻ ബംഗാളിലെ ബക്കാലിയിലും യാസ് ഒഡിഷയിലെ ധർമ പോർട്ടിലും കരകയറി. 2022 ൽ മെയ് 11 ന് രൂപം കൊണ്ട അസാനി കരകയറാതെ കടലിൽ തന്നെ ദുർബലമായി. 2018 നു മുൻപ് കൂടുതൽ ചുഴലിക്കാറ്റുകളും ബംഗ്ലാദേശിലേക്കാണ് പോയത്. 2019 നും 2022 നും ഇടയിൽ ആന്ധ്ര, ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശം വരുത്തി. ഇത്തവണ രൂപപ്പെട്ടേക്കുമെന്ന് കരുതുന്ന മോച്ചയും ഈ സംസ്ഥാനങ്ങളിൽ കരകയറാനുള്ള സാധ്യതയാണ് ആദ്യ സൂചനകൾ.
മെയ് 7 ന് ന്യൂനമർദ സാധ്യത
ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ മേഖലയിൽ മെയ് 7 ന് ന്യൂനമർദം രൂപം കൊണ്ടേക്കും. ഇത് മെയ് 9 നകം ശക്തിപ്പെട്ട് തീവ്രന്യൂനമർദം (Depression) ആകും. വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. കടലിൽ ന്യൂനമർദം ശക്തമാകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അതിനാൽ മോച്ച ചുഴലിക്കാറ്റ് രൂപം കൊള്ളാനുള്ള സാധ്യത തള്ളിക്കളയനാകില്ലെന്ന് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷകർ പറയുന്നു.