മെയ് മാസത്തിലെ കടുത്ത ചൂടിന് പകരം ഡൽഹി നിവാസികൾക്ക് തണുത്ത പ്രഭാതം

സാധാരണയായി മെയ് മാസം അത്ര സുഖകരമല്ലാത്ത കാലാവസ്ഥയാണ് ഡൽഹി നിവാസികളെ സംബന്ധിച്ച്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി മൂടൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ ആയിരുന്നു ഇന്ന് ഡൽഹിയിൽ. സാധാരണ ഡൽഹി നിവാസികളെ സംബന്ധിച്ച് ഏറ്റവും ചൂട് ഏറിയ മാസമാണ് മെയ് മാസം. ശരാശരി കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസ് ആണ്. ഇന്ന് രാവിലെ കുറഞ്ഞ താപനില 15. 8 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു.

1901നു ശേഷം മെയ് മാസത്തിലെ ഏറ്റവും തണുപ്പുള്ള മൂന്നാമത്തെ പ്രഭാതമാണ് ഇന്നത്തേത്. മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയും തണുത്ത കാലാവസ്ഥയും ഉള്ള ഒരു അപ്രതീക്ഷിത പാറ്റേൺ ഡൽഹിയിൽ അനുഭവപ്പെടുന്നു. ഉത്തരേന്ത്യയിൽ നിലവിലുള്ള പശ്ചിമവാതം(western disturbance) ആണ് താപനില താഴാൻ കാരണം. നഗരത്തിലെ ആകാശം മൂടൽമഞ്ഞ് മൂടുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും താമസക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വായുവിലെ ഉയർന്ന ഈർപ്പം ശാന്തമായ കാറ്റ്, പകലും രാത്രിയും താപനിലയും തമ്മിലുള്ള കാര്യമായ വ്യത്യാസം എന്നിവ മൂടൽ മഞ്ഞ് രൂപപ്പെടുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതായി കാലാവസ്ഥ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 8 30ന് അവസാനിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 24 മണിക്കൂർ കണക്കുപ്രകാരം ഡൽഹിയിൽ 30 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1901-ൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള മാസത്തിലെ മൂന്നാമത്തെ ഏറ്റവും താഴ്ന്ന താപനില, ബുധനാഴ്ച, 30.6 ഡിഗ്രി സെൽഷ്യസ്, സാധാരണയിൽ നിന്ന് ഒമ്പത് ഡിഗ്രി താഴെ, വ്യാഴാഴ്ച കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഈർപ്പത്തിന്റെ അളവ് 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിലാണ്. വെള്ളിയാഴ്ച മുതൽ വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പശ്ചിമവാതത്തിന്റെ(western disturbance) സ്വാധീനത്തിൽ ഇടവിട്ടുള്ള മഴയും മേഘാവൃതമായ കാലാവസ്ഥയും കാരണം സഫ്ദർജംഗ് ഒബ്സർവേറ്ററി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി താപനില സാധാരണയേക്കാൾ 10 ഡിഗ്രി താഴെ രേഖപ്പെടുത്തി. പശ്ചിമവാത കാറ്റിന്റെ സ്വാധീനം മെയ് 5 മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിന്റെ സ്വാധീനത്തിൽ, മെയ് 7 വരെ തലസ്ഥാനത്ത് മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയ്ക്കും സാധ്യതയെന്ന് ഒരു ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

മെയ് 8 വരെ കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസിൽ താഴെ തുടരുമെന്നാണ് പ്രവചനം.
മെയ് മാസത്തിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണയിലും കുറഞ്ഞ താപനിലയും ചൂട് തരംഗം കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

Leave a Comment