ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണക്കാനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടർ. അഞ്ച് ശതമാനം ഭാഗത്തെ തീയണക്കാനായി കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് ഇത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. പുക പൂർണമായും ശമിപ്പിച്ചാലും അഗ്നി രക്ഷാ സേനയുടെ സേവനം തുടരും. കാവൽക്കാർ, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി വി.പി ഷിബു തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.