ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമോദയക്കാഴ്ച പകർത്തി ഓറിയോൺ ബഹിരാകാശ പേടകം.
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനായി നടക്കുന്ന ആർട്ടമിസ് ദൗത്യത്തിന്റെ ഭാഗമായി അയച്ച ഓറിയോൺ സ്പേസ്ക്രാഫ്റ്റാണ് ചാന്ദ്ര ഭ്രമണപഥത്തിൽ നിന്നും മനോഹരമായ ഈ ഭൗമോദയക്കാഴ്ച പകർത്തിയത്. നാസ പുറത്തുവിട്ട വിഡിയോയിൽ ചന്ദ്രന്റെ നിഴൽ വീണ പ്രതലത്തിന്റെ പിന്നിൽ നിന്നും ഭൂമി ഉദിച്ചുയരുന്ന കാഴ്ച കാണാം. ഓറിയോൺ പേടകത്തിന്റെ സോളാർ അറേകളിലൊന്നിന്റെയറ്റത്ത് ശാസത്രജ്ഞർ ഘടിപ്പിച്ച ക്യാമറയിലൂടെയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
എന്താണ് എർത്ത്റൈസ് (ഭൗമോദയം)?
ചന്ദ്രനിൽ നിന്നോ ചന്ദ്രന്റെ പശ്ചാത്തലത്തിൽ നിന്നോ പകർത്തുന്ന ഭൂമിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് പൊതുവേ എർത്ത്റൈസ് എന്ന് അറിയപ്പെടുന്നത്. ഭൂമി ചന്ദ്രന്റെ പശ്ചാത്തലത്തിൽ കാണുന്നുവെന്നതാണ് പ്രത്യേകത. ഇത് ചന്ദ്രന്റെ പശ്ചാത്തലത്തിൽ പകർത്തിയ ആദ്യ എർത്ത്റൈസ് ചിത്രമല്ല.
ഭൗമോദയങ്ങളുടെ ചരിത്രം
1966 ൽ ആണ് ലോകം ആദ്യത്തെ ഭൗമോദയക്കാഴ്ച കാണുന്നത്. ലൂണാർ ഓർബിറ്റർ വൺ തിരിച്ചയച്ച ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അത്. ഒരു മങ്ങിയ ചിത്രമായിരുന്നെങ്കിലും ലൂണാർ ഓർബിറ്റർ 1 കണ്ട ഭൗമോദയം മനുഷ്യരാശിയുടെ അത് വരെയുള്ള ഏറ്റവും വലിയ ശാസ്ത്രനേട്ടങ്ങളിലൊന്നായി മാറി.
എർത്ത്റൈസിന്റെ ചിത്രം പകർത്തണമെന്നത് ഒരിക്കലും ദൗത്യത്തിന്റെ ഭാഗമായിരുന്നില്ലെന്നതാണ് ഏറ്റവും രസകരം. മറ്റൊരു ദൗത്യത്തിലായിരുന്ന സ്പേസ് പ്രോബ് അവിചാരിതമായാണ് ഈ ചിത്രം പകർത്തിയത്. ചന്ദ്രന് ചുറ്റുമുള്ള 16ാമത്തെ ഭ്രമണത്തിലാണ് ലൂണാർ ഓർബിറ്റർ 1 ഈ ചിത്രമെടുക്കുന്നതും. ചിത്രം പകർത്തിയ ശേഷം സ്പെയിനിലെ നാസ ട്രാക്കിങ് സ്റ്റേഷനിലേക്ക് ചിത്രം അയച്ച് നൽകുകയും ചെയ്തു. 2008 ഏപ്രിൽ 5 ന് ജപ്പാനീസ് പേടകം ക്യാകുകയും ഭൗമോദയത്തിന്റെ എച്ച്.ഡി വിഡിയോ പകർത്തിയിരുന്നു. ഈ ദൃശ്യവും ഇതോടൊപ്പമുള്ള വിഡിയോയിൽ കാണാം.
ആർട്ടമിസ് ദൗത്യം
അൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് ആർട്ടമിസ് ദൗത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ പടിയെന്ന നിലയിലാണ് ആർട്ടമിസ് 1 ദൗത്യവും ഓറിയോൺ പേടകവും ബഹിരാകാശത്ത് എത്തിച്ചത്. നവംബർ 16നാണ് ഓറിയോൺ ഭൂമിയിൽ നിന്ന് യാത്ര തിരിച്ചത്. ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്ത് ഫ്ലൈബൈ എക്സർസൈസും ഓറിയോൺ പൂർത്തിയാക്കിയിരുന്നു. ഈ യാത്രയിൽ ചാന്ദ്രോപരിതലത്തിന് 80 മൈൽ അടുത്ത് വരെ ഓറിയോൺ എത്തിയിരുന്നു.
അപ്പോളോ ദൗത്യങ്ങളും ചാന്ദ്ര യാത്രയുമൊക്കെ തട്ടിപ്പും കെട്ടുകഥകളുമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. സോവിയറ്റ് യൂണിയനെ സാമ്പത്തികമായി തകർക്കാൻ വേണ്ടിയാണ് അമേരിക്ക ഈ കഥ പടച്ചുവിട്ടതെന്നും ചിത്രങ്ങൾ സഹിതം തട്ടിപ്പാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഈ കഥകളുടെയും ആരോപണങ്ങളുടെയും നടുവിൽ കൂടിയാണ് അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെയെത്തിക്കാൻ ശ്രമിക്കുന്നത്.