ടിബറ്റിലെ ഭൂകമ്പം: രക്ഷാപ്രവർത്തനം തുടരുന്നു ആയിരക്കണക്കിന് വീടുകൾ തകർന്നു, 126 പേർ മരിച്ചു
ഇന്നലെ ഹിമാലയത്തിൻ്റെ താഴ്‌വരയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുടുങ്ങിയ 400-ലധികം ആളുകളെ രക്ഷിച്ചതായി ചൈനീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 30,000-ത്തിലധികം താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ബുധനാഴ്ച (ജനുവരി 8, 2025) രണ്ടാം ദിവസത്തിലേക്ക് കടന്നു.
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്നലെ ഉണ്ടായത്. സമീപ വർഷങ്ങളിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണ് ഇതെന്നും അധികൃതർ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിൻ്റെ വടക്ക് 80 കിലോമീറ്റർ (50 മൈൽ) ചൈനയിലെ ടിബറ്റ് മേഖലയിലെ ടിംഗ്രിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ എന്നിവിടങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങി.
ഭൂചലനം സംഭവിച്ച് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നിരവധി ആളുകൾ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ ആണ് ഒരു രാത്രി മുഴുവൻ നിന്നതെന്നും അധികൃതർ പറഞ്ഞു. ഇങ്ങനെ രക്ഷപ്പെടുത്തിയ ആളുകളെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
800,000 ആളുകൾ താമസിക്കുന്ന ടിബറ്റിലെ ഷിഗാറ്റ്‌സെ മേഖലയിൽ 3,609 വീടുകൾ നശിച്ചതായി പ്രാഥമിക സർവേ റിപ്പോർട്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സഹായിക്കാൻ 500-ലധികം ആളുകളും 106 ആംബുലൻസുകളും സജ്ജമാണ് .
ടിബറ്റൻ ഭാഗത്ത് 126 പേർ കൊല്ലപ്പെടുകയും 188 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. നേപ്പാളിലോ മറ്റിടങ്ങളിലോ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉയർന്ന ഉയരത്തിലുള്ള പ്രദേശത്തെ താപനില ഒറ്റരാത്രികൊണ്ട് മൈനസ് 18 ഡിഗ്രി സെൽഷ്യസ് (0 ഡിഗ്രി ഫാരൻഹീറ്റ്) വരെ താഴ്ന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ടെൻ്റുകൾ, ഭക്ഷണസാധനങ്ങൾ, ഇലക്ട്രിക്കൽ ജനറേറ്ററുകൾ, മറ്റ് സാധനങ്ങൾ എന്നിവ സ്ഥലത്ത് എത്തിയിരുന്നു. ഭൂചലനം മൂലം തകർന്ന റോഡിൻ്റെ എല്ലാ ഭാഗങ്ങളും വീണ്ടും തുറന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 8 മണി വരെ (0000 GMT) ഭൂചലനത്തെ തുടർന്ന് 4.4 വരെ തീവ്രത രേഖപ്പെടുത്തിയ 500 ലധികം തുടർചലനങ്ങൾ ഉണ്ടായതായി ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെൻ്റർ അറിയിച്ചു.
സിചുവാൻ പ്രവിശ്യയിലെ ഭൂകമ്പ ബ്യൂറോയുടെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ചൊവ്വാഴ്ചത്തെ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രത്തിന് 200 കിലോമീറ്ററിനുള്ളിൽ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.
2008-ൽ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിച്ചുവാനിലെ ചെങ്ഡുവിൽ ഉണ്ടായി. അന്ന് 70,000 പേരുടെ ജീവൻ അപഹരിച്ചു. 242,000 പേരുടെ മരണത്തിനിടയാക്കിയ 1976-ലെ താങ്ഷാൻ ഭൂകമ്പത്തിന് ശേഷം ചൈനയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്.
രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 149 പേരെങ്കിലും കൊല്ലപ്പെട്ട 2023 ൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ചൊവ്വാഴ്ചയുണ്ടായത്.