ഇറാനില്‍ വീണ്ടും ഭൂചലനം: ആണവ പരീക്ഷണം നടന്നെന്ന് സംശയം
ഞായറാഴ്ച രാവിലെ ഇറാനിലെ സെമ്നാന്‍ പ്രവിശ്യയില്‍ വന്‍ ഭൂചലനം. പ്രാദേശിക സമയം പുലര്‍ച്ചെ 05:16 ന് 11 കിലോമീറ്റര്‍ താഴ്ചയില്‍ ഗാര്‍ംസര്‍ നഗരത്തെ കുലുക്കിയ ഭൂചലനത്തിന്റെ തീവ്രത 4.8 ആണ്. ഇറാനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 52.38 ഡിഗ്രി രേഖാംശത്തിലും 35.28 ഡിഗ്രി അക്ഷാംശത്തിലുമാണ് . ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഒന്നുമില്ല . സമാനമായ പ്രകമ്പനം സെമ്‌നാന്‍ പ്രവിശ്യയില്‍ ഒക്ടോബര്‍ അഞ്ചിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണമായിരുന്നു അതെന്ന് പിന്നീട് പലവിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അസാധാരണ പ്രകമ്പനം നടന്നത് ഒക്ടോബര്‍ അഞ്ചിന് പ്രാദേശിക സമയം രാത്രി 10.45നായിരുന്നു . തുടര്‍ച്ചയായി വീണ്ടും ഇപ്പോള്‍ പരീക്ഷണം നടത്തിയെന്നാണ് കരുതുന്നത്.
ഇറാന്‍ ഇസ്രാഈലിനെയും അമേരിക്കയെയും ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇസ്രാഈലിന് നേരെ ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെയാണ് പുതിയ പ്രകമ്പന വാര്‍ത്ത. ഭൂകമ്പ പ്രഭവ കേന്ദ്രമല്ല സെമ്‌നാന്‍ പ്രവിശ്യ. അതാണ് രണ്ടാംതവണയും ഇറാന്‍ ആണവ പരീക്ഷണം നടത്തിയെന്ന പ്രചരണത്തിന് കാരണം. എന്നാല്‍ അതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല.