ഹിമാലയത്തിൽ ശക്തമായ ഭൂചലനം ഉണ്ടായാൽ അത് ശ്രീലങ്കയിൽ വരെ ബാധിക്കുമെന്ന് ജിയോളജിസ്റ്റുകൾ. അഞ്ചിൽ കൂടുതൽ തീവ്രതയുള്ള ഭൂചലനങ്ങൾ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും വടക്കൻ മേഖല ആസ്ഥാനമായ ജാഫ്നയിലും ബാധിക്കും എന്നാണ് ഇന്ത്യൻ ഭൗമശാസ്ത്ര ഗവേഷകർ പറയുന്നത്. ഇന്ത്യയിൽ 8 തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടെങ്കിൽ അത് ശ്രീലങ്കയെയും തകർക്കും. ഇന്ത്യയും ശ്രീലങ്കയും ഒരേ ടെക്നോണിക് പ്ലേറ്റിലാണ് സ്ഥിതി ചെയ്യുന്നത്.
രണ്ടുവർഷം മുമ്പ് ഹിമാലയത്തിൽ അഞ്ച് തീവ്രതയുള്ള ഭൂചലനം ശ്രീലങ്കയിലും അനുഭവപ്പെട്ടിരുന്നു. അന്ന് ശ്രീലങ്കയിൽ ആളുകൾ കെട്ടിടങ്ങളിൽ നിന്നും വീട്ടിൽ നിന്നും പുറത്തിറങ്ങി നിന്നു. യൂറേഷ്യൻ പ്ലേറ്റും ഇൻഡോ ആസ്ട്രേലിയൻ പ്ലേറ്റും തമ്മിൽ കൂട്ടിയിടിച്ചോ തമ്മിൽ ഉരസിയോ ആണ് ഹിമാലയൻ മേഖലയിൽ ഭൂചലനം ഉണ്ടാകുന്നത്.
കേരളവും ഭൂചലന സാധ്യത പ്രദേശത്താണ് ഉൾപ്പെടുന്നത്. ശക്തമായ ഭൂചലനങ്ങൾക്ക് സാധ്യതയില്ലെങ്കിലും കേരളത്തിലും ഇടത്തരം ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലും മറ്റും ഭൂചലനത്തെ പ്രതിരോധിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ ഭൂചലന ദുരന്തത്തിൽ നിന്നും നമുക്കും രക്ഷനേടാൻ ആകും .