പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചു ദുബൈ മെട്രോ; ഇനി എത്ര വലിയ പ്രളയത്തിലും ഗതാഗതം മുടങ്ങില്ല

പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചു ദുബൈ മെട്രോ; ഇനി എത്ര വലിയ പ്രളയത്തിലും ഗതാഗതം മുടങ്ങില്ല

കഴിഞ്ഞ ഏപ്രിലിലെ കനത്ത മഴയില്‍ വെള്ളം കയറി മുടങ്ങിയ ദുബായ് മെട്രോ പ്രളയത്തെ മറികടക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നു. ഒരു മഴയില്‍ നിന്ന് പാഠം പഠിച്ച് ദുബൈ മെട്രോയെ വാട്ടര്‍ പ്രൂഫ് ആക്കിയെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇനി എത്ര വലിയ മഴ പെയ്താലും പ്രളയം വന്നാലും ദുബായ് മെട്രോ സര്‍വിസുകള്‍ തടസ്സപ്പെടില്ലെന്നതാണ് പുതിയ സവിശേഷത. കഴിഞ്ഞ ഏപ്രിലിലാണ് ദുബൈയും ഷാര്‍ജയും വെള്ളത്തിലാക്കി ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള പേമാരിപ്പെയ്ത്തുണ്ടായത്. മഴയും പ്രളയവും കാരണം ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇതില്‍ നിന്നാണ് ദുബൈ മെട്രോ പാഠം പഠിച്ചത്. അവര്‍ അതിന് അടുത്ത മഴ കാത്തുനില്‍ക്കാതെ പരിഹാരം ഉണ്ടാക്കുകയും ചെയ്തു.

അന്നുണ്ടായ പ്രളയത്തില്‍ ദുബായ് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ദുബായിലെ അടിസ്ഥാന സൗകര്യങ്ങള്‍ പലതിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ദുബായ് മെട്രോയുടെ നിലവിലുള്ള റെഡ്, ഗ്രീന്‍ ലൈനുകളിലോ 2029 സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന ബ്ലൂ ലൈനിലോ വെള്ളപ്പൊക്കം മൂലമുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം കൂടി മുന്നില്‍ കണ്ടാണ് പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് മെട്രോ രൂപകല്‍പ്പനയിലെ അപാകത മൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍വമായ മഴയാണ് അന്ന് പെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ 24 മണിക്കൂറിനുള്ളില്‍ 250 മില്ലീമീറ്റര്‍ മഴപെയ്യുന്നത് തന്റെ ജീവിതത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എത്രവലിയ പ്രളയമുണ്ടായാലും ഇനി മെട്രോ തടസ്സപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില മെട്രോ സ്റ്റേഷനുകള്‍ താഴ്ന്ന പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഏപ്രിലില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അവ വെള്ളത്തിനിടയിലായി. എന്നിരുന്നാലും ഇനി അത്തരമൊരു സാഹചര്യം ഉണ്ടാവില്ല. സ്റ്റേഷനുകളില്‍ വെള്ളം കയറുന്നത് തടയുന്നതിനായി ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ പ്രതിവര്‍ഷം ശരാശരി 140 -200 എം.എം മഴയാണ് പെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രിലിലെ മഴയും വെള്ളപ്പൊക്കവും സമാനതകളില്ലാത്തതായിരുന്നു. എന്നാല്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കിയതായി താന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അപകടസാധ്യതയുള്ള സ്റ്റേഷനുകളില്‍ സംരക്ഷണ ഭിത്തികള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഏപ്രിലിലെ റെക്കോഡ് മഴയും തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കവും ദുബായ് മെട്രോയുടെ ഓണ്‍പാസീവ്, ഇക്വിറ്റി, മഷ്രിഖ്, എനര്‍ജി സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആഴ്ചകളോളം അടച്ചിടേണ്ടി വന്നിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയില്‍ ഏജന്‍സിയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ മനസ്സിലാക്കുന്ന ദീര്‍ഘകാല ടീം അംഗങ്ങള്‍ ശക്തമായ സംരക്ഷണം വികസിപ്പിക്കാന്‍ സഹകരിച്ചു. റെഡ് ലൈന്‍ വെള്ളപ്പൊക്ക സംഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സമഗ്രമായി പ്രയോഗിച്ചതായി മത്താര്‍ അല്‍ തായര്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 14 ബാധിത സ്ഥലങ്ങളിലെ പ്രശ്‌നം പരിഹരിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റിക്കും ആര്‍ടിഎയ്ക്കും ദുബായ് സര്‍ക്കാര്‍ 1.5 ബില്യണ്‍ ദിര്‍ഹം അനുവദിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ദുബൈ 20.5 ബില്യണ്‍ ദിര്‍ഹം ആണ് ആകെ ചെലവഴിക്കുക. ഗതാഗതം തടസപ്പെടാതിരിക്കാനും റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണിക്കും മറ്റും വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. കനത്ത മഴ, പ്രളയം എന്നിവയാണ് കാലാവസ്ഥാ വ്യതിയാനപട്ടികയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.