ശക്തമായ മഴയിൽ ദുബൈ നഗരം വെള്ളത്തിനടിയിലാവില്ല ; ശാശ്വത പരിഹാരമായി പുതിയ പദ്ധതിക്ക് അംഗീകാരം
ശക്തമായ മഴയില്‍ ദുബൈ നഗരം വെള്ളത്തിനടിയിലാവുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരം വരുന്നു. എത്രവലിയ മഴ പെയ്താലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള വിപുലമായ ഓവുചാല്‍ പദ്ധതിയാണ് ദുബൈ ഭരണകൂടം നടപ്പിലാക്കാൻ പോകുന്നത്. 3000 കോടി ദിര്‍ഹം ചെലവുവരുന്ന മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച പറഞ്ഞു.
‘തസ്രീഫ്’ എന്നാണ് പുതിയ മഴവെള്ള ഓവുചാല്‍ പദ്ധതിക്ക് നൽകിയ പേര്. ദുബൈയിലെ എല്ലാ പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ദുബൈയുടെ ഏത് ഭാഗത്ത് പെയ്യുന്ന മഴയും ഈ വിശാലമായ ഓവുചാലിലൂടെ ഒഴുകിപ്പോകും. ദുബൈയിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള നിലവിലെ സംവിധാനത്തിന്റെ ശേഷി 700 ശതമാനം കണ്ട് വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ നിര്‍മാണം തുടങ്ങി 2033-ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറു വര്‍ഷത്തേക്ക് ദുബായിലെ മഴ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ഇത് സഹായകമാവുമെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദുബൈയിലെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുകയും പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലധികം വെള്ളം ഒഴുക്കിവിടാനും സാധ്യമാവുന്ന തസ്രീഫ് പദ്ധതി, ഈ മേഖലയിലെ മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കുമെന്നാണ് കരുതുന്നത്. എക്സ്പോ ദുബൈ ഏരിയ, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിറ്റി, ജബല്‍ അലി എന്നിവിടങ്ങളില്‍ 2019-ല്‍ നിര്‍മാണം ആരംഭിച്ച ഡ്രെയിനേജ് പദ്ധതികളുടെ തുടര്‍ച്ചയായാണ് ‘തസ്രീഫ്’ പദ്ധതി നടപ്പാക്കുന്നത്.
അപ്രതീക്ഷിതമായി പ്രളയത്തിൽ ദുബൈ അടക്കമുള്ള യുഎഇ നഗരങ്ങള്‍ വെള്ളത്തിനടിയിലായി ഏകദേശം രണ്ട് മാസം കഴിയുമ്പോഴാണ് മഴവെള്ള പ്രശ്‌നം കാലാകാലത്തേക്ക് പരിഹരിക്കുന്നതിനായുള്ള പുതിയ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത് . യു എ ഇയില്‍ വെള്ളപ്പൊക്കം ഉണ്ടായ ഏകദേശം രണ്ടുമാസം പിന്നിടുമ്പോഴാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കാര്യക്ഷമതയ്ക്കും വേഗതയ്ക്കും ഉത്ഖനനത്തിലെ ഉയര്‍ന്ന കൃത്യതയ്ക്കും വിവിധ ഭൂപ്രകൃതി സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനും പേരുകേട്ട ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗപ്പെടുത്തിയാവും പദ്ധതി നിർമ്മാണം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.