കലിതുള്ളി പെയ്ത മഴ; മഹാപ്രളയത്തിന്റെ ഓർമ്മയ്ക്ക് നൂറു വയസ്സ്
കലിതുള്ളി പെയ്ത മഴ. പ്രകൃതി കലിതുള്ളിയാൽ അത് മഹാപ്രളയം ആകും. കേരള ചരിത്രത്തിലേക്ക് കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തിന്റെ ഓർമ്മകൾ ഇന്നും പഴയ തലമുറയ്ക്ക് തീരാൻ നോവാണ്. 2018-ൽ കേരളത്തെ മുക്കിയ പ്രളയ നാളുകളിലാണ് പുതുതലമുറ അന്നത്തെ മഹാപ്രളയത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചിരുന്നത് .
അതിശക്തമായ മഴയിലും മലവെള്ളപാച്ചിലിലും ഒഴുകിവരുന്ന മൃതശരീരങ്ങൾ, അഴുകിയ പക്ഷി-മൃഗാദികളുടെ ശവങ്ങൾ, ഒരായുസ്സ് കൊണ്ടുകെട്ടിപ്പൊക്കിയ സമ്പാദ്യങ്ങൾ എല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ . 99-ലെ വെള്ളപ്പൊക്കമെന്ന് പഴയ തലമുറ പറയുന്ന മഹാപ്രളയത്തെപ്പറ്റി പറയുമ്പോൾ ഇത്തരം നിരവധി ഓർമ്മകളാണ് അവരുടെ ഉള്ളിൽ നോവായി പെയ്യുക. ആ മഹാപ്രളയത്തിന് 2024 ജൂലൈ 16 ന് നൂറുവയസ്സ് തികയുന്നു.
കലിതുള്ളി പെയ്ത മഴ; 99ലെ വെള്ളപ്പൊക്കത്തെ കുറിച്ച്
99-ലെ മഹാപ്രളയം 1924 ജൂലൈ പകുതിയോടെ തുടങ്ങി ഓഗസ്റ്റ് വരെ നീണ്ടുനിന്നതായിരുന്നു . കൊല്ലവർഷം 1099-ലെ കർക്കിടകം ഒന്നിനാണ് വെള്ളപ്പൊക്കം ഉണ്ടായത്. 1924 ജൂലൈ 15-ഓടെ ആരംഭിച്ച ശക്തമായ മഴയാണ് പ്രളയത്തിന് കാരണം. ബ്രട്ടീഷുകാരുടെ കൈയ്യിലുള്ള കണക്കുപ്രകാരം ജൂലൈ മാസത്തിൽ മൂന്നാറിൽ മാത്രം 485 സെന്റീമീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്.
മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങി. തിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചെങ്കിലും ഏറ്റവുമധികം കെടുതികൾ നേരിട്ടത് തിരുവിതാകൂറിൽ ആണ്. രാജഭരണമായിരുന്നു അന്ന് . ശ്രീമൂലം തിരുനാളാണ് തിരുവിതാകൂർ ഭരിച്ചത് . തിരുവനന്തപുരം പട്ടണത്തിന്റെ പലഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ആലപ്പുഴ മുഴുവനായും എറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ കാണിക്കുന്നത്. മധ്യതിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങിയിരുന്നു. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയിലേക്ക് ഇരച്ചു കയറി .
കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേമലബാർ വെള്ളത്തിനടിയിൽ ആയിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങിപോയി. രണ്ടായിരം വീടുകൾ നിലം പതിച്ചുപോയി. കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകി. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയെയും നദികളുടെ ഗതിയും വരെ സാരമായി മാറ്റുകയുണ്ടായി എന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയുടെതീരങ്ങളിലെ ഇല്ലങ്ങളിൽ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്‌നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നു.
കലിതുള്ളി പെയ്ത മഴ; പ്രളയം തകർത്തെറിഞ്ഞ മൂന്നാർ പട്ടണം
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല. എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ആളുകളെ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്‌സർലാൻഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്നാറിന്റെ സൗന്ദര്യത്തെയും സൗകര്യങ്ങളെയും അപ്പാടെ മഹാപ്രളയം തകർത്തെറിഞ്ഞു .
ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കുകയായിരുന്നു .
അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ തീവണ്ടിയും വരെ ഉണ്ട് . മൂന്നാറിലെ നാരോ-ഗേജ് റെയിൽപ്പാത അറിയപ്പെട്ടിരുന്നത് കുണ്ടളവാലി റെയിൽവേ ലൈൻ എന്നാണ് . പ്രളയത്തിൽ ആ റെയിൽപ്പാതകളും സ്റ്റേഷനുകളും പൂർണ്ണമായി നശിച്ചു പോയി . 1902-ൽ സ്ഥാപിച്ച റെയിൽപ്പാത മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുന്തള വഴി തമിഴ്‌നാടിന്റെ അതിർത്തിയായ ടോപ്പ് സ്റ്റേഷൻവരെ ആയിരുന്നു. പ്രളയത്തോടെ അപ്രത്യക്ഷമായ റെയിൽവേയ്ക്ക് പിന്നീട് ഒരിക്കലും മൂന്നാറിലെ ഭൂപടത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചില്ല. റെയിൽവേയ്ക്ക് പുറമേ മൂന്നാറിലെ ആശുപത്രികൾ, തപാൽ സേവനങ്ങൾ, തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പൂർണമായി ഇല്ലാതായി. കിലോമീറ്ററുകൾ പരന്നു കിടന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും പൂർണ്ണമായി നശിച്ചു പോയിരുന്നു .
പ്രളയം മൂന്നാറിന്റെ ഭൂപ്രകൃതി വരെ മാറ്റി എന്ന് പറയാം. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറിയിരുന്നു. മഴ തുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടിപോയി. ഈ മലവെള്ളപ്പാച്ചിലിൽ പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു പോയി. പള്ളിവാസലിന്റെ രൂപം തന്നെ മാറി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം ഉണ്ടായി. പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ പൂർണ്ണമായും മണ്ണിനടിയിൽ ആയി. ഇങ്ങനെ പ്രളയത്തിൽ പൂർണ്ണമായും മുങ്ങിപ്പോയ മൂന്നാറിനെ തിരികെ കൊണ്ടുവരാൻ ബ്രിട്ടീഷുകാരാണ് സഹായിച്ചത്. തേയില നട്ടുപിടിപ്പിച്ചു റോഡുകൾ നന്നാക്കി വീണ്ടും പഴയ മൂന്നാറായി തിരിച്ചു കൊണ്ടുവന്നു. അപ്പോഴും മലനിരകൾ താണ്ടി തീവണ്ടി സർവീസ് മാത്രം എത്തിയില്ല.
കലിതുള്ളി പെയ്ത മഴ; തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ ഇടം പിടിച്ചതും മൂന്നാർ തന്നെ
ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കര പിള്ളയുടെ ‘വെള്ളപ്പൊക്ക’ത്തിൽ (1935) എന്ന കഥയിൽ വിഷയമാക്കുന്നത് 99-ലെ പ്രളയം ആണ്. കാക്കനാടന്റെ “ഒറോത” (1982) എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ’ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയതാണ്. പിന്നെയും നിരവധി കൃതികളിൽ 99-ലെ മഹാപ്രളയം ചർച്ചായി. ഈ നൂറ്റാണ്ടിലെ സാഹിത്യത്തിലും 99-ലെ വെള്ളപ്പൊക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എസ്. ഹരീഷ് എഴുതിയ ശ്രദ്ധേയമായ ‘മീശ’ (2018) എന്ന നോവലിലും ഈ പ്രളയകാലം ഉണ്ട്.
കേരളത്തിന്റെ പല നിർണായക രേഖകളും നശിച്ചു
കേരളത്തിൽ 99-ലെ പ്രളയത്തിന് മുമ്പും ശേഷവും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് രേഖകൾ സൂചിപ്പിക്കുന്നത്. തൊണ്ണുറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തിന് ശേഷം നിർമിച്ച മിക്ക വീടുകളും ഭൂമി മണ്ണിട്ടുക്രമാതീതമായി ഉയർത്തിയതിന് ശേഷമാണ്. കേരളത്തെ സംബന്ധിച്ചുള്ള പല നിർണ്ണായക ചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലാണെന്നാണ് കരുതുന്നത്. കൃത്യമായ വാർത്താവിനിമിയ സംവിധാനങ്ങളും മതിയായ ഗതാഗത സൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പ്രളയത്തിൽ എത്രപേർ മരിച്ചെന്ന് സംബന്ധിച്ചും കൃത്യമായ കണക്കില്ല . 1939ലും 1961ലും എന്തിനേറെ 2018 ലും കേരളത്തെ പിടിച്ചുക്കുലുക്കിയ പ്രളയമുണ്ടായിട്ടുണ്ടെങ്കിലും തൊണ്ണുറ്റിയൊൻപതിലെ പോലെ കേരളത്തിന്റെ ഭൂപ്രകൃതിയെ വരെ മാറ്റിമറിച്ച ഒരുപ്രളയം ഇല്ല. അതുകൊണ്ട് തന്നെയാവണം ഒരുനൂറ്റാണ്ട് പിന്നിടുമ്പോഴും തൊണ്ണൂറ്റിയൊൻപതിലെ പ്രളയം പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ എല്ലാ തലമുറയുടെയും ഉള്ളിൽ മായാത്ത കിടക്കുന്നത്.
1924-ലെ പ്രളയത്തിന്റെ മൂന്നാറിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ : പരംജ്യോതി നായിഡു, റോയൽ സ്റ്റുഡിയോ
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.