മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് ഐ എം ഡി.
അതേസമയം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 13 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് നിലവിൽ 41% മഴ കുറവാണുള്ളത്. സെപ്റ്റംബറിൽ ലഭിച്ച മഴയാണ് മഴ കുറവ് കുറയ്ക്കാൻ സാധിച്ചത്.സെപ്റ്റംബർ അവസാനത്തോടെ മഴക്കുറവ് ഒരു 30 ശതമാനത്തിലെങ്കിലും എത്താനാണ് സാധ്യത. സെപ്റ്റംബർ അവസാനത്തോടെ കാലവർഷത്തിന്റെ ഔദ്യോഗിക കണക്ക് അവസാനിക്കും.
ഒക്ടോബർ ആദ്യവാരം മുതൽ പെയ്യുന്ന മഴ തുലാവർഷ മഴയുടെ കണക്കിലാണ് വരികയെങ്കിലും കാലവർഷം വിടവാങ്ങൽ പൂർത്തിയാവുക ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെയായിരിക്കും. സെപ്റ്റംബർ ഇരുപതോടെ കാലവർഷം രാജസ്ഥാനിൽ നിന്നും വിടവാങ്ങി തുടങ്ങും എന്ന് മെറ്റ്ബീറ്റ് വെതർ നേരത്തെ പറഞ്ഞിരുന്നു. ഏറ്റവും അവസാനം കാലവർഷം വിടവാങ്ങുക കേരളത്തിൽ നിന്നാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
മത്സ്യ ബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്ക് ഇറങ്ങിയുള്ള യാത്രകളും കടലിൽഡ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.