ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞും പുകയും; ഓറഞ്ച് അലര്‍ട്ട്
ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ഈ സീസണിൽ ഉണ്ടായ ഏറ്റവും കനത്ത മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഡല്‍ഹിയില്‍ ഇന്ന് അനുഭവപ്പെട്ടത് എന്ന് റിപ്പോർട്ടുകൾ പറയുന്നു .
കനത്ത മൂടല്‍മഞ്ഞും പുകയും അന്തരീക്ഷത്തില്‍ വ്യാപിച്ചതിന് പിന്നാലെ ഡല്‍ഹില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രമാണ് തലസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-4 നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനമെന്ന് അധികൃതർ .
അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെ ഡല്‍ഹിയിലേക്ക് ട്രക്കുകള്‍ക്ക് പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ചു . സ്‌കൂളുകളില്‍ പ്ലസ് വണ്‍ വരെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ് . വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണ് തീരുമാനമെടുക്കുക . ശ്വാസകോശ സംബന്ധമായും, മറ്റും അസുഖങ്ങള്‍ ഉള്ളവര്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അന്തരീക്ഷ വായു നിലവാരം എക്കാലത്തെയും മോശം അവസ്ഥയില്‍ എത്തിയതും, ഡൽഹി ശൈത്യകാലത്തിലേക്ക് കടന്നതുമാണ് പുകമഞ്ഞിന് കാരണം. തലസ്ഥാനത്തെ പുകമഞ്ഞ് വിമാനസര്‍വീസുകളെ സാരമായി ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം .
ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വോളിറ്റി 450ന് മുകളിലാണ് ഉള്ളത്. ചിലയിടങ്ങളില്‍ ഇത് 473ന് മുകളില്‍ വരെ എത്തി. ഇത് അതീവ ഗുരുതരമായ സാഹചര്യത്തിന് മുകളിലാണ് . തണുപ്പ് കൂടുന്നതോടെ ഡല്‍ഹിയിലെ അന്തരീക്ഷം കൂടുതല്‍ മോശമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ശൈത്യകാലം തുടങ്ങിയതോടെ പുകയും കോടമഞ്ഞും കൂടിയ സ്മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം ഉള്ളത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തില്‍ സ്മോഗിന്റെ സാന്നിധ്യം കാരണം കഴിഞ്ഞ ദിവസം 283 വിമാനങ്ങൾ വൈകിയിരുന്നു.