ചുട്ടുപൊള്ളി ഡല്‍ഹി: 24 മണിക്കൂറിനിടെ 22 മരണം, ശ്മശാനങ്ങള്‍ നിറയുന്നു
വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുന്ന ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 22 മരണം. ചൂടിനെ തുടര്‍ന്നുള്ള നിര്‍ജലീകരണവും മറ്റുമാണ് മരണ കാരണം. ഡല്‍ഹി രാം മനോഹര്‍ ലോഹ്യ, സഫദര്‍ജങ്, എല്‍.എന്‍.ജെ.പി ആശുപത്രികളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡല്‍ഹിയില്‍ ചൂട് മൂര്‍ധന്യാവസ്ഥയിലാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളുമായി എത്തുന്നവരെ കൊണ്ട് ഡല്‍ഹിയിലെ ആശുപത്രികള്‍ നിറഞ്ഞു. വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ നേരിയ തോതില്‍ ചാറ്റല്‍ മഴ ലഭിച്ചെങ്കിലും ചൂടിന് പരിഹാരമായില്ല.
സൂര്യാഘാത സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സഫര്‍ദര്‍ജങ് ആശുപത്രിയിലെ ജീവനക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച് 33 പേരാണ് ഇന്നലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചികില്‍സക്കായി പ്രവേശിക്കപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂര്‍ ഇവിടെ മാത്രം 13 പേര്‍ മരിച്ചു.
രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ 22 പേരെ പ്രവേശിപ്പിച്ചതില്‍ നാലു പേര്‍ മരിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ എല്‍.എന്‍.ജി.പി ആശുപത്രിയില്‍ 17 രോഗികളെ പ്രവേശിപ്പിക്കുകയും ഇതില്‍ 5 പേര്‍ മരിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന ശ്മശാനങ്ങളായ നിഗംബോധ് ഘട്ടിലും മറ്റും സംസ്‌കാരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇവരുടെ മരണം ചൂടു കൊണ്ടാണോ എന്ന് വ്യക്തമല്ല.
നിഗംബോധ് ഘട്ടില്‍ 142 പൊലിസുകാരെ വിന്യസിച്ചു. സാധാരണ 50 മുതല്‍ 60 മൃതദേഹങ്ങളാണ് ഇവിടെ ദഹിപ്പിക്കാറുള്ളത്. എന്നാല്‍ ഇത് 136 ശതമാനം വര്‍ധിച്ചതായി നിഗംബോധ് ഘട്ട് സന്‍ചാലന്‍ സമിതി ജനറല്‍ സെക്രട്ടറി സുമന്‍ ഗുപ്ത പറഞ്ഞു.
വ്യാഴാഴ്ച 91 മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിച്ചു. നഗരത്തിലെ ഏറ്റവും പഴക്കമുള്ള ശ്മശാനമാണ് നിഗംബോധ് ഘട്ട്. കഴിഞ്ഞ ദിവസം 40 ഓളം പേരാണ് 24 മണിക്കൂറിനിടെ ചൂടിനെ തുടര്‍ന്ന് മരിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.