CYCLONIC STORM MICHAUNG update 04/12/23 : ചുഴലിക്കാറ്റ് തീവ്രമായി; രണ്ട് മരണം, ചെന്നൈയിൽ നാളെയും അവധി
മിഗ്ജോം ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് തുടർന്ന് ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയിൽ ചെന്നൈയിൽ രണ്ടു മരണം. ചെന്നൈ ECR റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണാണ് രണ്ടു മരണം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ചെന്നൈ നഗരത്തിൽ ജനജീവിതം ദുസഹമാണ്.
6 ജില്ലകൾക്ക് ഇന്നും നാളെയും പൊതു അവധി
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും അവധി(5/12/23) പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11 മണി വരെ അടച്ചു.
കേരളതീരത്തും ജാഗ്രത
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
പ്രത്യേക ജാഗ്രതാ നിർദേശം
വടക്കൻ ആന്ധ്രപ്രദേശ് തീരം: വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ ഡിസംബർ 4 വൈകുന്നേരം മുതൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യത. ഡിസംബർ 5 നു രാവിലെ മുതൽ തുടർന്നുള്ള 24 മണിക്കൂറിൽ കാറ്റിൻറെ വേഗത 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും കൂടുകയും അതിനു ശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.
ഒഡിഷ തീരം: ഒഡിഷ തീരങ്ങളിൽ ഡിസംബർ 4 വൈകുന്നേരം മുതൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യത. തുടർന്ന് ഡിസംബർ 5 നു വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കൂടുകയും അടുത്ത 12 മണിക്കൂറിൽ നിലനിൽക്കുകയും അതിനു ശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.