CYCLONIC STORM MICHAUNG update 04/12/23 : മിഗ്ജോം ചെന്നൈക്ക് 150 കി.മീ അകലെ, കേരളത്തിലെ മഴ ഇങ്ങനെ
മിഗ്ജോം ചുഴലിക്കാറ്റ് ചെന്നൈക്ക് 150 കി.മി. അകലെ എത്തി. ആന്ധ്രപ്രദേശിലെ നല്ലൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തിപ്പെട്ട് നാളെ ഉച്ചയോടെ ആന്ധ്ര പ്രദേശിലെ മച്ചിലിപ്പട്ടണത്തിനും നല്ലൂരിനും ഇടയിൽ കരകയറും. കര കയറുമ്പോൾ ശക്തമായ ചുഴലിക്കാറ്റ് ആകും. 90 – 110 കി.മി. വേഗത്തിലുള്ള കാറ്റ് കരകയറുമ്പോൾ ഉണ്ടാകും.
ആന്ധ്ര തീരത്ത് നാശനഷ്ടങ്ങൾക്ക് ഇത് കാരണമാകും. ചെന്നൈ ഉൾപ്പെടെ കിഴക്ക തീരത്ത് മഴ ശക്തമാകും. ഇന്ന് ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാടിന്റെ തീരപ്രദേശത്തിന് സമാന്തരമായി ചുഴലിക്കാറ്റ് സഞ്ചരിക്കും. ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കണം. വെള്ളക്കെട്ടുകൾ ഉണ്ടാകും. തമിഴ്നാട്ടിലും പുതുച്ചേരിയിലും 75 മുതൽ 95 കി.മി. വരെ വേഗതയുള്ള കാറ്റ് ഉണ്ടാകും.
ചെന്നൈയിൽ മഴയും വെള്ളക്കെട്ടുകളും ഉണ്ടാകും. അവധിയും പ്രതീക്ഷിക്കാം. ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ നേരത്തെ മനസ്സിലാക്കണം. ഡിസംബർ 6 മുതൽ ചെന്നൈയിൽ മഴ കുറഞ്ഞു തുടങ്ങും. വെള്ളക്കെട്ടുകളും മറ്റും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
ബംഗാൾ ഉൾക്കടലിൽ ഈ വർഷം ഉണ്ടാകുന്ന ആറാമത്തെ ചുഴലിക്കാറ്റ് ആണ് മിഗ്ജോം. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വെള്ളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് (03/12/23) മഴ സാധ്യതയുള്ളത്. നാളെ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ സാധ്യതയുണ്ട് . തുടർന്ന് കുറച്ചു ദിവസങ്ങൾ കേരളത്തിൽ മഴ കുറയും.