മഹാരാഷ്ട്ര തീരത്ത് രൂപംകൊണ്ട ചക്രവാത ചുഴി മൂലം കേരളത്തിൽ ലഭിക്കേണ്ട മഴ കുറയുന്നു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പ്രതീക്ഷിച്ചിരുന്ന മഴയാണ് കുറയുന്നത്. പരക്കെ മഴക്ക് സാധ്യതയില്ലെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴ ലഭിക്കുന്നത് തുടരും. മേഘങ്ങളെ ചക്രവാത ചുഴി വടക്കോട്ട് ആകർഷിക്കുന്നതാണ് കേരളത്തിൽ മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികാലങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ലഭിച്ചിരുന്നു. എന്നാൽ ഞായറാഴ്ച പകൽ മുതൽ തെളിഞ്ഞ അന്തരീക്ഷമാണ് മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്നത്. ഇതിന് കാരണം കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് കാറ്റിന് ശക്തി കുറഞ്ഞതും മേഘങ്ങൾ വടക്കോട്ട് ആകർഷിക്കപ്പെടുന്നതുമാണ്. അടുത്ത ദിവസങ്ങളിൽ ചക്രവാത ചുഴി ഗുജറാത്തിലെ തീരത്തേക്ക് നീങ്ങുന്നതോടെ പടിഞ്ഞാറൻ കാറ്റ് വീണ്ടും കേരള തീരത്തേക്ക് പ്രവേശിക്കുകയും മഴ ലഭിക്കുകയും ചെയ്യും. എങ്കിലും പരക്കെയുള്ള ശക്തമായ തുടർച്ചയായ മഴയൊന്നും പ്രതീക്ഷിക്കുന്നില്ല. വൈകിട്ടും രാത്രികാലങ്ങളിലും മഴ തുടരാൻ അനുകൂല സാഹചര്യമാണ് ഇപ്പോൾ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഉള്ളത്. തമിഴ്നാട്ടിൽ ഇടിയോടുകൂടിയുള്ള മഴ കുറയും. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.