ശ്രീലങ്കക്ക് സമീപം ചക്രവാതച്ചുഴി; കേരളത്തില്‍ 16 വരെ മഴ സാധ്യത
ശ്രീലങ്കക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തെക്കന്‍ കേരളത്തില്‍ ലഭിച്ച മഴ ഇന്ന് വടക്കന്‍ കേരളത്തിലും പെയ്‌തേക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് വടക്കും മഴ സാധ്യത
ജനുവരി 14 നും 15 നും വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മിക്ക ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇന്ന് (ഞായര്‍) കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യത. ഈ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷമാണ്.
ചക്രവാതച്ചുഴി
ശ്രീലങ്കക്കും മാന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് ഈ മാസം 16 വരെ കേരളം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലും അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചേക്കും. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
പകല്‍ ചൂടും കൂടും
കേരളത്തില്‍ ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. മഴ ലഭിച്ചാലും കേരളത്തില്‍ ചൂടു കൂടുന്ന പ്രവണത തുടരും. പകല്‍ താപനിലയില്‍ സാധാരണയേക്കാള്‍ 1 മുതല്‍ 3 ഡിഗ്രി വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞ അലര്‍ട്ട്
കേരളത്തില്‍ ഈ വര്‍ഷം ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴ സാധ്യതയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി മാസത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് പതിവില്ല. ഈ മാസം 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
ഇന്ന് മത്സ്യബന്ധന വിലക്ക്
തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് (ഞായര്‍) മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.