ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; ഇന്ന് ന്യൂനമർദമായേക്കും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ചക്രവാത ചുഴി രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൻ്റെ മധ്യ ഭാഗത്താണ് ചക്രവാത ചുഴി രൂപം കൊണ്ടത്. ഇന്ന് ഇത് ന്യൂന മർദമായി മാറിയേക്കും. രണ്ടു ദിവസം കടലിൽ പുരോഗതിയില്ലാതെ തുടർന്ന ശേഷം ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്പെടാനും തുടർന്ന് കരകയറാനുമാണ് സാധ്യത.
ഇന്നലെ മുതൽ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ രാത്രിയിലും പുലർച്ചെയും മഴ ലഭിച്ചു. ഇന്നും ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിലും മഴ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ലഭിക്കും. എന്നാൽ ഇപ്പോഴത്തെ സിസ്റ്റം അതിശക്തമായ മഴ നൽകില്ല എന്നാണ് സൂചന.
കാലവർഷ പാത്തി എന്ന മൺസൂൺ ട്രഫ് ഇപ്പോഴും ഹിമാലയൻ മേഖലയിൽ തുടരുകയാണ്. അതായത് കേരളത്തിൽ ഉൾപ്പെടെ മൺസൂൺ ബ്രേക്കിന്റെ സാഹചര്യം നിലനിൽക്കുന്നു. ഇന്ന് രാവിലെയും മൺസൂൺ ട്രഫ് ഹിമാചൽ പ്രദേശിനും ഹിമാലയൻ താഴ് വരയ്ക്കും സമീപമാണ് ഉള്ളത്.
അതിനാൽ ഹിമാലയൻ മേഖലകളിൽ ശക്തമായ മഴയും മഴവെള്ളപ്പാച്ചിലും തുടരും. ആ പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഒഡീഷ തീരത്താണ് കരകയറാൻ സാധ്യത. തുടർന്ന് ഇന്ത്യയുടെ കരഭാഗത്ത് നിലകൊള്ളും.
മൺസൂൺ മഴപ്പാത്തി അതിൻ്റെ നോർമൽ പൊസിഷനിലേക്ക് വന്നാൽ ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ മഴ കൂടും. ഏതായാലും ഇപ്പോഴത്തെ ചക്രവാദ ചുഴിയും തുടർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദവും കേരളത്തിന് പുറമേ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തീരദേശ മേഖലകളിലും ഒഡീഷയിലും മഴ നൽകും.
പടിഞ്ഞാറൻ തീരത്ത് മഹാരാഷ്ട്രയിലും കൊങ്കൺ മേഖലയിലും പുൾ എഫക്ട് മഴയുണ്ടാകും.
English Summary: cyclone has formed in the Bay of Bengal; it may weaken today. Stay updated on the latest weather developments and safety precautions.