തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് (Cyclone Mocha) ഇന്നലെ രാത്രി തീവ്ര ചുഴലിക്കാറ്റായും (Severe Cyclonic Storm) ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായും (Very Severe Cyclonic Storm) മാറി. ഇതുവരെ വടക്ക് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചിരുന്ന മോക്ക ചുഴലിക്കാറ്റ്, ഇനി വടക്ക് വടക്കു- കിഴക്ക് ദിശയിലാണ് സഞ്ചരിക്കുക. തുടർന്ന് ഈ മാസം 14 ഓടെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ കരകയറാനാണ് സാധ്യത. കരകയറും മുമ്പ് ചുഴലിക്കാറ്റ് ദുർബലമായേക്കും എന്നാണ് നിരീക്ഷണം. ശനിയാഴ്ച അഥവാ നാളെ വൈകിട്ട് ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കും. ഏറ്റവും കൂടുതൽ വേഗതയായ 175 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. വൈകുന്നേരം ഇടിയോടുകൂടിയുള്ള മഴയ്ക്കാണ് കിഴക്കൻ പ്രദേശങ്ങളിൽ സാധ്യതയുള്ളത്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും കിഴക്കൻ മേഖലകളിലാണ് ഇന്ന് മഴ സാധ്യത. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴ താരതമ്യേന കുറയാനാണ് സാധ്യത.