cyclone fengal update 27/11/24: ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ രൂപപ്പെടും, സ്‌കൂളുകള്‍ക്ക് അവധി
ശ്രീലങ്കക്ക് സമീപം രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്നു. മണിക്കൂറില്‍ 10 കി.മി വേഗത്തിലാണ് കഴിഞ്ഞ ആറു മണിക്കൂറില്‍ തീവ്രന്യൂനമര്‍ദം സഞ്ചരിക്കുന്നത്. ഇന്ന് വൈകിട്ട് 5 നുള്ള വിവരം അനുസരിച്ച് ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 350 കി.മി കിഴക്കും, തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് 350 കി.മി തെക്കുകിഴക്കും പുതുച്ചേരിയില്‍ നിന്ന് 450 കി.മി തെക്കുകിഴക്കും ചെന്നൈയില്‍ നിന്ന് 530 കി.മി തെക്കുകിഴക്കുമാണ് തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം. ഇന്നു അര്‍ധരാത്രിയോടെ ഈ സിസ്റ്റം വീണ്ടും ശക്തിപ്പെട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആകാനാണ് സാധ്യതയെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് കനത്ത മഴ ലഭിച്ചു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസം ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് തുടരുന്നതിനാല്‍ ഇന്നും നാളെയും തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും റെഡ് അലര്‍ട്ടു നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്ക് വ്യാഴാഴ്ച കാലാവസ്ഥാ വകുപ്പിന്റെ റീജ്യനല്‍ മീറ്റിയോറോളജിക്കല്‍ സെന്റര്‍ Regional Meteorological Centre (RMC) മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കി.
പാമ്പന്‍ തീരത്ത് ശക്തമായ കാറ്റും കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തു. തീരത്തെ വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി. ചെന്നൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. ഇന്നലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നാളെയും തിരുച്ചിയില്‍ അവധിയാണെന്ന് ജില്ലാ കലക്ടര്‍ പ്രദീപ് കുമാര്‍ അറിയിച്ചു. ഇന്ന് നാഗപട്ടണം, മയിലാടുതുറൈ, തിരുവാരൂര്‍ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
ഇന്റിഗോ സര്‍വിസ് യാത്രക്കാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി. കടലൂര്‍, മയിലാടുതുറൈ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നാളെ തഞ്ചാവൂര്‍, നാഗപട്ടണം, തിരുച്ചി, തിരുവാവൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
ഡിസംബര്‍ 1 വരെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍ രാമസ്വാമി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി.