അറബിക്കടലിൽ രൂപം കൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഏറ്റവും ദൈർഘമേറിയ ചുഴലിക്കാറ്റ് ആവാൻ സാധ്യത എന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് ഇതുവരെ ഏഴു ദിവസം പിന്നിട്ടു. ജൂൺ 6ന് ആയിരുന്നു ചുഴലിക്കാറ്റ് രൂപം കൊണ്ടത്.
2019ൽ അറബിക്കടലിൽ ആഞ്ഞടിച്ച ‘ക്യാർ’ ചുഴലിക്കാറ്റിന്റെ ആയുസ്സ് 9 ദിവസവും 15 മണിക്കൂറുമായിരുന്നു. കിഴക്ക്-മധ്യ അറബിക്കടലിന് മുകളിലൂടെ വികസിച്ച ചുഴലിക്കാറ്റ് ഒന്നിലധികം തവണ ആഞ്ഞുവീശിയതിന് ശേഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ ദുർബലമായി. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 2018-ലുണ്ടായ അതിതീവ്ര ചുഴലിക്കാറ്റ് ഗജയുടെ ആയുസ്സും 9 ദിവസവും 15 മണിക്കൂറും ആയിരുന്നു.
ഇത് തെക്കൻ ഉപദ്വീപ് മേഖല കടന്ന് അറബിക്കടലിൽ പതിക്കുകയും അവിടെ ദുർബലമാവുകയും ചെയ്തു. എന്നാൽ അതി തീവ്ര ചുഴലിക്കാറ്റായ ബിപർജോയ് 15 ഓടെ ഗുജറാത്ത് തീരം കടക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. അങ്ങനെയെങ്കിൽ അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ആയിരിക്കും ഏറ്റവും ദൈർഘമേറിയ ചുഴലിക്കാറ്റായി ഇനി അറിയപ്പെടുക എന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ എറണാകുളം തൃശൂർ കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.