അറബിക്കടലിൽ ബിപാർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, നാളെ തീവ്രചുഴലിക്കാറ്റാകും

തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്ന് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ബിപാർജോയ് രൂപപ്പെട്ടു. മധ്യകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശത്താണ് ഇപ്പോൾ ബിപോർജോയ് നിലകൊള്ളുന്നത്. നാളെ ഇത് മധ്യകിഴക്കൻ അറബിക്കടലിലേക്ക് പ്രവേശിക്കും. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഇത്തവണ പേരു നൽകിയത്.

ഗോവയിൽ നിന്ന് 920 കി.മി പടിഞ്ഞാറ്, തെക്കുപടിഞ്ഞാറായാണ് ചുഴലിക്കാറ്റുള്ളത്. കഴിഞ്ഞ ആറു മണിക്കൂറിൽ 4 കി.മി വേഗതയിലാണ് ബിപാർജോയ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നലെ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദവും വൈകിട്ടോടെ അതിതീവ്ര ന്യൂനമർദവുമായിരുന്നു. തുടർന്നാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. തുടർന്ന് മധ്യകിഴക്കൻ അറബിക്കടൽ വഴി ഇന്ത്യൻ തീരത്തു നിന്ന് അകലും. ഒമാൻ ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഒമാൻ കാലാവസ്ഥാ വകുപ്പും ചുഴലിക്കാറ്റിന്റെ സഞ്ചാരത്തെ നിരീക്ഷിക്കുന്നുണ്ട്. അടുത്ത അഞ്ചു ദിവസം ഒമാനെ ഇതു ബാധിക്കില്ലെന്നാണ് ഒമാൻ മീറ്റിയോറോളജിയുടെ നിഗമനം.

കേരളത്തിൽ മൺസൂൺ എത്തുന്നതിന് ചുഴലിക്കാറ്റിന്റെ സാന്നിധ്യം തടസമാകുന്നുണ്ട്. ചുഴലിക്കാറ്റ് അകന്നുപോകുന്നതോടെ ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നിൽക്കുന്ന കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം ഒരുങ്ങും. ജൂൺ 2ന് മിനിക്കോയ് ദ്വീപിലും കന്യാകുമാരി കടലിലും ശ്രീലങ്കയുടെ തെക്കൻ മേഖലയിലും എത്തിയ കാലവർഷക്കാറ്റ് അറബിക്കടലിലെ ന്യൂനമർദത്തെ തുടർന്ന് കേരളത്തിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.

കേരളത്തിനു സമീപം ദുർബലമായ കാലവർഷക്കാറ്റ് നിലവിലുണ്ട്. എന്നാൽ കാലവർഷം എത്തി എന്നു സ്ഥിരീകരിക്കാനുള്ള മാനദണ്ഡം പൂർത്തിയായതുമില്ല. മാനദണ്ഡം പൂർത്തിയാകാൻ ചുഴലിക്കാറ്റ് അകന്നു പോയി ദുർബലമാകേണ്ടിവരും. കാലവർഷക്കാറ്റിൽ നിന്ന് വരുന്ന ഈർപ്പത്തെ ചുഴലിക്കാറ്റ് ആകർഷിച്ച് കടലിൽ മഴ നൽകുകയാണ് ഇപ്പോൾ. ഈ സ്ഥിതിക്ക് ഏതാനും ദിവസത്തിനകം മാറ്റമുണ്ടാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

Leave a Comment