സിയുഇടി- യുജി ഇനി ഹൈബ്രിഡ് രീതിയില്‍; തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയും
കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഉള്‍പ്പെടെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി- യുജി പരീക്ഷ ഈ വര്‍ഷം മുതല്‍ ഹൈബ്രിഡ് രീതിയില്‍. ഈ വര്‍ഷത്തെ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച്ച ആരംഭിക്കുമെന്നാണ് വിവരം. ഒരു വിദ്യാര്‍ഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ ദിനങ്ങള്‍ കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കുനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
2022 ലാണ് സിയുഇടി- യുജി തുടങ്ങിയത്. കഴിഞ്ഞ 2 വര്‍ഷങ്ങളിലും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) ആയിരുന്നു. എന്നാല്‍, ഏറ്റവുമധികം റജിസ്‌ട്രേഷനുള്ള വിഷയങ്ങളില്‍ ഇനി ഒഎംആര്‍ ഷീറ്റ് പരീക്ഷ നടത്താനാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ ഉള്‍പ്പെടെ പരീക്ഷാ കേന്ദ്രം സജ്ജീകരിക്കാനാകുമെന്നും ഒരു വിഷയത്തിലെ പരീക്ഷ അന്നുതന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു വിഷയത്തില്‍ പല ദിവസങ്ങളില്‍ പരീക്ഷ നടന്നിരുന്നു. പിന്നീട് നോര്‍മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. പുതിയ രീതി വരുന്നതോടെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കുള്‍പ്പെടെ ഏറെ ദൂരം യാത്ര ചെയ്യാതെ പരീക്ഷ എഴുതാനാകും.
ഒരു വിദ്യാര്‍ഥിക്കു 10 വിഷയം വരെ തെരഞ്ഞെടുക്കാമായിരുന്നെങ്കില്‍ ഇക്കുറി 6 ആയി ചുരുങ്ങും. മുന്‍വര്‍ഷങ്ങളില്‍ 10 വിഷയം തിരഞ്ഞെടുത്തവര്‍ വളരെ കുറവായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പല സാങ്കേതിക പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് പുതിയ തീരുമാനം.
3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍ അനുവദിക്കുക. മേയ് 15 മുതല്‍ 31 വരെയാണ് ഈ വര്‍ഷത്തെ സിയുഇടി- യുജി പരീക്ഷ.